ന്യൂയോർക്ക്: മനുഷ്യരാശിയുടെ ഇടപെടൽ ചന്ദ്രനെയും ദോഷകരമായി ബാധിക്കുന്നതായി റിപ്പോർട്ടുകൾ. വേൾഡ് മോണുമെൻ്റ്സ് ഫണ്ട് (ഡബ്ല്യു.എം.എഫ്) പുറത്തിറക്കിയ പട്ടികയിൽ ചന്ദ്രനെ അപകട സാധ്യതയുള്ള സ്ഥലങ്ങളുടെ കൂടെ ഉൾപ്പെടുത്തി. ചരിത്രത്തിലാദ്യമായാണ് ഭൂമിക്കപ്പുറമുള്ള ഒരു സ്ഥലം അപകടസാധ്യതയുള്ളതായി വേൾഡ് മോണുമെൻ്റ്സ് ഫണ്ട് കണ്ടെത്തുന്നത്.
ബഹിരാകാശത്ത് മനുഷ്യരുടെ പ്രവർത്തനങ്ങൾ വർധിച്ചതാണ് ഇതിന് കാരണം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നീൽ ആംസ്‌ട്രോങ് ആദ്യമായി കാലുകുത്തിയ മേഖലയാണ് കൂടുതൽ അപകടത്തിൽ ആയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഭൂരിഭാഗം രാജ്യങ്ങൾക്കും അടുത്തിടെയായി സ്‌പേസ് ടൂറിസത്തിലുള്ള താത്പര്യം വർധിച്ചിട്ടുണ്ട്. സ്‌പേസ് ടൂറിസം ആരംഭിക്കുന്നതോട് കൂടി ചന്ദ്രന്റെ പൈതൃകം പാടെ നശിക്കും. ചാന്ദ്രപര്യ വേഷണത്തിന്റെ ഭാഗമായി നിരവധി ഉപകരണങ്ങൾ ചന്ദ്രന്റെ ഉപരിതലത്തിൽ വിഹരിക്കുന്നുണ്ട്. ഇവയും പൈതൃക നശീകരണത്തിന് വഴിയൊരുക്കും. അതുകൊണ്ട് തന്നെ ഗവേഷണങ്ങൾക്കൊപ്പം ചന്ദ്രന്റെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കൂടി ശ്രദ്ധ വേണം എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.