ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.
രാഹുല്‍ ഗാന്ധിക്കെതിരെ ജാര്‍ഖണ്ഡ് കോടതിയില്‍ നല്‍കിയ മാനനഷ്ട നടപടികളാണ് സുപ്രീം കോടതി താല്‍ക്കാലികമായി മരവിപ്പിച്ചത്. 2018 ല്‍ അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് പരാമര്‍ശിച്ചതിലാണ് കേസ്.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ജാര്‍ഖണ്ഡ് സര്‍ക്കാരിനും പരാതിക്കാരനായ ബിജെപി നേതാവ് നവീന്‍ ഝായ്ക്കും നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്റ്റേ അനുവദിച്ചുകൊണ്ട് സുപ്രീം കോടതി, വിഷയത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് നിരീക്ഷിച്ചു. പരാതിക്കാരനോട് പ്രതികരണം രേഖപ്പെടുത്താന്‍ നിര്‍ദേശിക്കുകയും കേസ് വിശദമായി പരിശോധിക്കുന്നത് വരെ എല്ലാ വിചാരണ നടപടികളും നിര്‍ത്തി വെക്കുകയും ചെയ്തിട്ടുണ്ട്.
മാനനഷ്ടക്കേസ് റദ്ദാക്കാനുള്ള തന്റെ അപേക്ഷ തള്ളിയ 2024 ഫെബ്രുവരിയിലെ ജാര്‍ഖണ്ഡ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ പ്രസ്താവനകള്‍ രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും രാഹുല്‍ വാദിച്ചു.