രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണമുണ്ടായത് കേരളത്തില്‍; കഴിഞ്ഞ വര്‍ഷം 66 പേര്‍ മരിച്ചു: കേന്ദ്ര ആരോഗ്യ മന്ത്രി

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണമുണ്ടായത് കേരളത്തില്‍; കഴിഞ്ഞ വര്‍ഷം 66 പേര്‍ മരിച്ചു: കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണമുണ്ടായത് കേരളത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ ലോക്സഭയില്‍ പറഞ്ഞു.

2024 ല്‍ 5,597 പേര്‍ക്ക് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. 2023 ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കണക്കുകള്‍ ഉദ്ധരിച്ച് കേന്ദ്ര മന്ത്രി പറഞ്ഞു.

കോവിഡ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 7,252 കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം 39 കോവിഡ് മരണങ്ങളും മഹാരാഷ്ട്രയില്‍ 35 കോവിഡ് മരണങ്ങളും സംഭവിച്ചതായാണ് കണക്ക്. മഹാരാഷ്ട്രയില്‍ ഇക്കാലയളവില്‍ 5,658 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

വളരെ പരിമിതമായ കോവിഡ് പരിശോധനകള്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. പനിയുമായി ആശുപത്രിയിലെത്തുന്ന എല്ലാവരോടും ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ നിര്‍ബന്ധിക്കാറില്ല.

ഗുരുതരമായ ശ്വസന സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്കാണ് നിലവില്‍ കോവിഡ് പരിശോധന നടത്തുന്നത്. കോവിഡ് കേസുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും സമൂഹത്തിന്റെയാകെ ശരാശരി കോവിഡ് പ്രതിരോധം മെച്ചപ്പെട്ടിട്ടുണ്ടെന്നും രോഗം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറഞ്ഞു വരികയാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.