ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകം: രഹസ്യ രേഖകള്‍ ഉടന്‍ പുറത്തു വിടുമെന്ന് ട്രംപ്

ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകം: രഹസ്യ രേഖകള്‍ ഉടന്‍ പുറത്തു വിടുമെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി, സെനറ്റര്‍ റോബര്‍ട്ട് കെന്നഡി, ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ഉടന്‍ പുറത്തു വിടുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ രേഖകള്‍ പുറത്തു വിടുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി, സഹോദരന്‍ റോബര്‍ട്ട് കെന്നഡി, ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ശേഷിക്കുന്ന രേഖകള്‍ പരസ്യമാക്കുമെന്ന് ട്രംപിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്.

കൂടാതെ പൊതുജനങ്ങള്‍ക്ക് താല്‍പ്പര്യമുള്ള മറ്റ് വിഷയങ്ങളും പ്രസിദ്ധപ്പെടുത്തും. എന്നാല്‍ ഏതൊക്കെ രേഖകള്‍ പുറത്തു വിടുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. നേരത്തെ പ്രസിഡന്റായിരുന്ന സമയത്ത് ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 2,800 രേഖകള്‍ ട്രംപ് പുറത്തു വിട്ടിരുന്നു.

എന്നാല്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ), ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) എന്നിവയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി മറ്റ് ചില സുപ്രധാന ഫയലുകള്‍ പുറത്തു വിട്ടിരുന്നില്ല.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.