ഉടച്ചുവാര്‍ക്കലിനൊരുങ്ങി ട്രംപ്; ആദ്യദിനം തന്നെ സുപ്രധാന എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചു

ഉടച്ചുവാര്‍ക്കലിനൊരുങ്ങി ട്രംപ്; ആദ്യദിനം തന്നെ സുപ്രധാന എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചു

വാഷിങ്ടണ്‍: കുടിയേറ്റവും അതിര്‍ത്തി സംരക്ഷണവും ഉള്‍പ്പെടെയുള്ള പ്രധാന എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവച്ചുകൊണ്ടാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തന്റെ രണ്ടാം ഘട്ടത്തിന്റെ ആദ്യദിനം ആരംഭിച്ചത്. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് യു.എസിന്റെ പിന്‍വാങ്ങലും സര്‍ക്കാര്‍ നിയമനങ്ങള്‍ ഉടനടി മരവിപ്പിക്കലും അടക്കം ബൈഡന്‍ ഒപ്പുവച്ച 78 ഉത്തരവുകള്‍ അസാധുവാക്കല്‍ എന്നിവയും തന്റെ ആദ്യ എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ട്രംപ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യു.എസിന്റെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകം വാഷിങ്ടണ്‍ ഡിസിയിലെ ക്യാപിറ്റോള്‍ വണ്‍ അരീനയ്ക്കുള്ളില്‍ തന്റെ അനുയായികള്‍ക്ക് മുന്നില്‍വച്ചാണ് ട്രംപ് തന്റെ ഉത്തരവില്‍ ഒപ്പുവച്ചത്. അഭിപ്രായസ്വാതന്ത്ര്യം പുനസ്ഥാപിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തില്‍ ഗവണ്‍മെന്റിന്റെ കൈകടത്തല്‍ തടയുകയും ചെയ്യുക, രാഷ്ട്രീയ എതിരാളികള്‍ക്കെതിരായുള്ള സര്‍ക്കാരിന്റെ കടന്നാക്രമണം അവസാനിപ്പിക്കുക എന്നത് ഉള്‍പ്പെടെയുള്ള നടപടിയും ഇതില്‍ ഉള്‍പ്പെടും. ചരിത്രത്തിലെ ഏറ്റവും മോശം ഭരണകൂടങ്ങളിലൊന്നായ മുന്‍ ഭരണകൂടത്തിന്റെ 80 വിനാശകരവും സമൂലമായ എക്‌സിക്യൂട്ടീവ് നടപടികളും താന്‍ പിന്‍വലിക്കുമെന്ന് ട്രംപ് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.

ട്രംപ് ഒപ്പുവെച്ച ഉത്തരവുകള്‍:

1. ബൈഡന്‍ ഒപ്പുവച്ച 78 ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ്
2. അനധികൃത കുടിയേറ്റങ്ങളെ തടയാനും രാജ്യത്ത് അനധികൃതമായി വന്നവരെ തിരിച്ചയക്കും
3. സൈന്യവും മറ്റ് ചില അത്യാവശ്യ മേഖലകളും ഒഴികെയുള്ള എല്ലാ ഫെഡറല്‍ നിയമനങ്ങളും മരവിപ്പിക്കുക
4. ഫെഡറല്‍ തൊഴിലാളികള്‍ മുഴുവന്‍സമയ ഇന്‍-പേഴ്‌സണ്‍ ജോലിയിലേക്ക് മടങ്ങാനുള്ള ആവശ്യകത
5. ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം
6. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങല്‍
7. അഭിപ്രായസ്വാതന്ത്ര്യം പുനസ്ഥാപിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തില്‍ ഗവണ്‍മെന്റിന്റെ കൈകടത്തല്‍ തടയുകയും ചെയ്യുക
8. രാഷ്ട്രീയ എതിരാളികള്‍ക്കെതിരായുള്ള സര്‍ക്കാരിന്റെ കടന്നാക്രമണം അവസാനിപ്പിക്കുക
9. അതിര്‍ത്തിയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക
10. വധശിക്ഷ പുനസ്ഥാപിക്കുക


യു.എസില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമെ ഉള്ളുവെന്നും മറ്റ് ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്നും അമേരിക്ക ഇതുവരെയുണ്ടായതിനേക്കാള്‍ കരുത്താര്‍ജിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ബൈഡന്‍ സര്‍ക്കാരിനെതിരെയും ട്രംപ് വിമര്‍ശനമുന്നയിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ രാജ്യത്ത് അനധികൃതമായി കുടിയേറിയവര്‍ക്ക് സംരക്ഷണമൊരുക്കി.വിദേശ അതിര്‍ത്തികളുടെ പ്രതിരോധത്തിന് പണം നല്‍കിയെന്നും അതേസമയം സ്വന്തം അതിര്‍ത്തികള്‍ പ്രതിരോധിക്കാന്‍ ഇടപെട്ടില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.