തുര്‍ക്കിയിലെ ഹോട്ടലിലുണ്ടായ തീ പിടിത്തത്തില്‍ 66 മരണം; നിരവധി പേര്‍ക്ക് പരിക്ക്, രക്ഷ തേടി ചാടിയവരും മരിച്ചു: വിഡിയോ

തുര്‍ക്കിയിലെ  ഹോട്ടലിലുണ്ടായ തീ പിടിത്തത്തില്‍ 66 മരണം; നിരവധി പേര്‍ക്ക് പരിക്ക്, രക്ഷ തേടി ചാടിയവരും മരിച്ചു: വിഡിയോ

അങ്കാറ: തുര്‍ക്കിയിലെ സ്‌കീ ഹോട്ടലിലുണ്ടായ തീ പിടിത്തത്തില്‍ 66 പേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി അറിയിച്ചു.

തലസ്ഥാനമായ അങ്കാറയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലിലാണ് അപകടം ഉണ്ടായത്. ബൊലു പ്രവിശ്യയിലെ കര്‍ത്താല്‍കായയിലാണ് സ്‌കീ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഹോട്ടലിന്റെ ഭൂരിഭാഗവും കത്തി നശിച്ചു.

തീ പിടിത്തത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല. 238 പേരാണ് ഹോാട്ടലില്‍ ഉണ്ടായിരുന്നത്. അഗ്നി ശമനസേനയുടെ 30 വാഹനങ്ങളും 28 ആംബുലന്‍സുകളും സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ശക്തമായ കാറ്റ് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കുന്നുണ്ട്.

ഹോട്ടലല്‍ ഉണ്ടായിരുന്നവര്‍ കയറുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തീപടരുന്നത് കണ്ട് ഹോട്ടലില്‍ നിന്ന് ചാടിയവരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിവരം അറിഞ്ഞ് നിരവധി മന്ത്രിമാര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹോട്ടലിന്റെ മുന്‍ഭാഗം മരം കൊണ്ട് നിര്‍മ്മിച്ചതായതിനാല്‍ തീ പെട്ടന്ന് പടര്‍ന്ന് പിടിക്കാന്‍ കാരണമായി. കനത്ത പുക കാരണം എമര്‍ജന്‍സി എക്സിറ്റിലേക്കുള്ള പടികള്‍ കണ്ടെത്താനും ബുദ്ധിമുട്ടായി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.