അങ്കാറ: തുർക്കിയിലെ സ്കീ റിസോർട്ടായ ഗ്രാൻ്റ് കാർട്ടൽ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ മരണ സംഖ്യ ഉയരുന്നു. 76 പേർ മരണപ്പെട്ടതായാണ് ഒടുവിലെ വിവരം. നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ പ്രവിശ്യ ഗവർണർ അന്വേഷണം പ്രഖ്യാപിച്ചു. ആറ് പ്രോസിക്യൂട്ടർമാരുള്ള സംഘമാകും അന്വേഷണത്തിന് നേതൃത്വം നൽകുക.
വടക്ക് പടിഞ്ഞാറ് തുർക്കിയിലെ ബോലു പ്രവിശ്യയിലെ സ്കീ റിസോർട്ടിലാണ് അപകടമുണ്ടായത്. 12 നില കെട്ടിടത്തിൻ്റെ നാലാം നിലയിൽ ഇന്നലെ പ്രാദേശിക സമയം 3.30ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് ബോലു ഗവർണർ അബ്ദുൽ അസീസ് അയ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. റിസോർട്ടിലെ റെസ്റ്റോറൻ്റിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
തീപിടിത്തത്തെ തുടർന്ന് രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ രണ്ട് പേരും മരിച്ചവരിലുൾപ്പെടുന്നുണ്ട്. വിനോദ സഞ്ചാര മേഖലയിലുള്ള ഈ റിസോർട്ടിൽ 234 പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അതേ സമയം ഹോട്ടലിലെ അഗ്നിശമന സംവിധാനം കൃത്യമായി പ്രവർത്തിച്ചില്ലെന്ന പരാതികളും പുറത്തുവരുന്നുണ്ട്. തുർക്കിയിലെ പ്രധാന ശൈത്യകാല വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈ സ്കീ റിസോർട്ട്. സ്കീ സീസണിൽ ആയിരക്കണക്കിന് പേരാണ് ഇവിടെ സന്ദർശകരായി എത്തുന്നത്. ഇസ്താംബൂളിൽ നിന്ന് ഏകദേശം 295 കിലോമീറ്റർ കിഴക്കായാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.