ന്യൂഡല്‍ഹി: നിലവിലെ ആദായ നികുതി നിയമം ലളിതമാക്കുന്നതടക്കമുള്ള പരിഷ്‌കരണങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുതിയ ആദായ നികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആദായ നികുതി നിയമങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാനും പേജുകളുടെ എണ്ണം പകുതിയിലധികമായി കുറയ്ക്കാനും ഉദ്ദേശിച്ചാണിത്.
അറുപത് വര്‍ഷത്തിലധികം പഴക്കമുള്ള 1961 ലെ ആദായ നികുതി നിയമത്തിന്റെ സമഗ്രമായ അവലോകനം ആറ് മാസത്തിനുള്ളില്‍ നടത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ജൂലൈയിലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
നിലവിലുള്ള നിയമത്തിലെ ഭേദഗതിയല്ല, പുതിയ നിയമമായിരിക്കും ഇതെന്ന് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍, കരട് നിയമം നിയമ മന്ത്രാലയം പരിശോധിച്ചു വരികയാണ്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാനാണ് സാധ്യത. ജനുവരി 31 മുതല്‍ ഏപ്രില്‍ നാല് വരെയാണ് ബജറ്റ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
ആദ്യ പകുതി ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെയാണ്. ര്ഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനം ആരംഭിക്കും. തുടര്‍ന്ന് 2024-25 ലെ സാമ്പത്തിക സര്‍വേ മേശപ്പുറത്ത് വയ്ക്കും. 2025-26 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ന് അവതരിപ്പിക്കും.
കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായി നിയമത്തിന്റെ അവലോകനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും നിയമം സംക്ഷിപ്തവും വ്യക്തവും മനസിലാക്കാന്‍ എളുപ്പവുമാക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. നികുതി തര്‍ക്കങ്ങള്‍, നിയമ പോരാട്ടങ്ങള്‍ എന്നിവ കുറയ്ക്കുക കൂടി ലക്ഷ്യമിട്ടായിരുന്നു ധന മന്ത്രാലയത്തിന്റെ നീക്കം.
നിയമത്തിന്റെ പുനപരിശോധനയ്ക്കായി ആദായ നികുതി വകുപ്പിന് 6,500 നിര്‍ദേശങ്ങള്‍ ആണ് ലഭിച്ചത്. വ്യക്തിഗത ഐടി, കോര്‍പ്പറേറ്റ് നികുതി, സെക്യൂരിറ്റീസ് ഇടപാട് നികുതി, സമ്മാന നികുതി എന്നിവയ്ക്ക് പുറമേ നേരിട്ടുള്ള നികുതികള്‍ ചുമത്തുന്നത് കൈകാര്യം ചെയ്യുന്ന 1961 ലെ ആദായ നികുതി നിയമത്തില്‍ നിലവില്‍ ഏകദേശം 298 വിഭാഗങ്ങളും 23 അധ്യായങ്ങളുമുണ്ട്. ഇത് ഏകദേശം 60 ശതമാനം കുറയ്ക്കാനാണ് പുതിയ നിയമത്തിലൂടെ ശ്രമിക്കുന്നത്.