മനില: ഫിലിപ്പൈൻസിലെ ഇസ്ലാമിക ഗ്രൂപ്പായ അബു സയ്യഫ് കമാൻഡർമാരുമായും തെക്കൻ തീവ്രവാദികളുമായും ബന്ധമുള്ള ഒമ്പത് സ്ത്രീകളെ ഫിലിപ്പൈൻ സൈന്യം അറസ്റ്റ് ചെയ്തു. ഇവർ ചാവേർ ആക്രമണകാരികളാകാം എന്ന സംശയത്തിലാണ് സൈന്യം നടപടി എടുത്തത്.
ഫിലിപ്പെൻസിലെ മുസ്ലീം പ്രവിശ്യയായ സുലുവിലെ മൂന്ന് പട്ടണങ്ങളിലെ വീടുകളിൽ നടത്തിയ റെയ്ഡിലാണ് വെള്ളിയാഴ്ച സ്ത്രീകളെ പിടികൂടിയതെന്ന് സൈന്യത്തിന്റെ വെസ്റ്റേൺ മിൻഡാനാവോ കമാൻഡിന്റെ തലവനായ ജൂനിയർ ലഫ്റ്റനന്റ് ജനറൽ കോർലെറ്റോ വിൻലുവാൻ പറഞ്ഞു.
മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടു പോവുക, ശിരഛേദം ചെയ്യുക, ബോംബാക്രമണം എന്നിവയ്ക്ക് പേരുകേട്ട അബു സയ്യഫിന്റെ ശക്തികേന്ദ്രമാണ് തെക്കൻ പ്രവിശ്യ. ബോംബ് നിർമ്മാണത്തിനായുള്ള ബാറ്ററികൾ, ഇലട്രിക് വയറുകൾ, സ്‌ഫോടക വസ്തുക്കൾ, എണ്ണ, ഇരുമ്പ് പൈപ്പ്, അണികൾ, ഗ്രനേഡ്, സെൽഫോണുകൾ, ബാക്ക്‌പാക്ക് ബാഗുകൾ, ബോംബിങ് പ്ലാൻ ചെയ്യുന്ന ഏരിയയുടെ രേഖാചിത്രം എന്നിവയും സൈനികർ പിടിച്ചെടുത്തു.
“നിയമത്തിന്റെ കരങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യാൻ ഞങ്ങൾ എല്ലായ്പ്പോഴും തയ്യാറാണ്. പക്ഷേ നിങ്ങൾ അത് നിരസിക്കുകയാണെങ്കിൽ, ഞങ്ങൾ തീർച്ചയായും നിങ്ങളെ വേട്ടയാടുകയും സമൂഹത്തിൽ നാശം വരുത്തുന്നതിൽ നിന്ന് നിങ്ങളെ തടയുകയും ചെയ്യും.” സുലുവിൽ സർക്കാർ സേനയുടെ തലവനായ മേജർ ജനറൽ വില്യം പറഞ്ഞു. ഇത് അബു സയ്യഫിനെ പിന്തുണയ്ക്കുന്നവർക്കും അവശേഷിക്കുന്ന അംഗങ്ങൾക്കും വ്യക്തമായ സന്ദേശമായിരിക്കട്ടെ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അറസ്റ്റിലായവരിൽ ഹതിബ് ഹാജൻ സവാഡ്ജാൻ എന്ന അബു സയ്യഫ് തീവ്രവാദിയുടെ സഹോദരിയും മൂന്ന് പെൺമക്കളും ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ സൈനികരുമായുള്ള വെടിവയ്പിൽ പരിക്കേറ്റ് ദിവസങ്ങൾക്ക് ശേഷം സുലുവിന്റെ പർവതപ്രദേശങ്ങളിൽ വച്ച് സവാഡ്ജാൻ മരിച്ചിരുന്നു. സവാഡ്ജാൻ മരിച്ച് ആഴ്ചകൾക്കു ശേഷം അബു സയ്യഫ് തീവ്രവാദികളുടെ രണ്ട് വിധവകൾ ആത്മഹത്യ ബോംബുകൾ പൊട്ടിച്ചു കൊണ്ട് സൈനികർ ഉൾപ്പെടെ 14 പേരെ കൊല്ലപ്പെടുത്തുകയും 75 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. ഏറ്റവും ഭീകരമായ ഈ ബോംബാക്രമണം സവാഡ്ജാന്റെ മരണത്തിന് പ്രതികാരം ചെയ്യാനായി അബു സയ്യഫ് ഗ്രൂപ്പ് നടത്തിയതാണെന്ന് സൈന്യം കരുതുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ ഭാഗമാണ് അബു സയ്യഫ്. അതിന്റെ നേതാവായി ഇസ്ലാമിക് സ്റ്റേറ്റ് നിയോഗിച്ചതായിരുന്നു ഹതിബ് ഹാജൻ സവാഡ്ജാനെ. അമേരിക്കയും ഫിലിപ്പൈൻസും ഈ തീവ്രവാദ ഗ്രൂപ്പിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ശക്തി ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഫിലിപ്പൈൻസിനും ഇവർ സുരക്ഷാ ഭീഷണിയായി തുടരുന്നു. സുന്നി ഇസ്ലാമിന്റെ വഹാബി സിദ്ധാന്തം പിന്തുടരുന്ന ഇവർ ഫിലിപ്പീൻസിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ജോലോ, ബസിലാൻ ദ്വീപുകളും പരിസരങ്ങളുമാണ് പ്രവർത്തനമേഖലയായി തെരഞ്ഞെടുത്തിരിക്കുന്നത്.