ന്യൂയോർക്ക് : അമേരിക്കയെ ആശങ്കയിലാക്കി ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടു തീ പടരുന്നു. നഗരത്തിന്റെ 50 മീറ്റർ വടക്കായാണ് കാട്ടുതീ പടരുന്നത്. രണ്ട് മണിക്കൂർ കൊണ്ട് 5054 ഏക്കറിലേറെ സ്ഥലത്ത് തീ വ്യാപിച്ചു. പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. രണ്ട് മാരകമായ തീപിടുത്തങ്ങള്‍ക്ക് ശേഷമാണ് പുതിയ തീ പിടുത്തം ഭീതി സൃഷ്ടിക്കുന്നത്. ഇതിനകം പതിനായിരക്കണക്കിന് ആളുകള്‍ വീടുകള്‍ ഒഴിയാന്‍ നിര്‍ബന്ധിതരായി.
കൂടുതൽ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് തീയണക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടാതെ ആയിരക്കണക്കിന് ഗാലൻ വെള്ളം വഹിക്കാൻ കഴിയുന്ന രണ്ട് സൂപ്പർ സ്കൂപ്പർ വിമാനങ്ങളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.
കാസ്‌റ്റൈക് തടാകത്തിന് സമീപമുള്ള കുന്നിന്‍ പ്രദേശങ്ങളെയാണ് ഭയാനകമായ തീജ്വാലകള്‍ വിഴുങ്ങുന്നത്. ശക്തമായതും വരണ്ടതുമായ കാറ്റുകള്‍ പ്രദേശത്ത് വീശിയടിച്ചതോടെ തീജ്വാലകള്‍ക്ക് ആളിപ്പടരുന്നുണ്ട്. ഇതാണ് കൂടുതലിടങ്ങളിലേക്ക് തീ പടരുമെന്ന ആശങ്ക ഉണര്‍ത്തുന്നത്. സ്ഥിതിഗതികൾ വിലയിരുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വരുന്ന ദിവസം ലോസ് ആഞ്ചലസിൽ എത്തും.
ആളിപടർന്ന കാട്ടു തീ സെലിബ്രിറ്റികള്‍ക്കും കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. ആഡംബര വസതികളും പാരമ്പര്യ ഭവനങ്ങളും അവധിക്കാല ബംഗ്ലാവുകളുമെല്ലാം നഷ്ടപ്പെട്ടതിന്‍റെ ദുഖം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചവരില്‍ പാരിസ് ഹില്‍ട്ടനടക്കമുള്ള ധാരാളം താരങ്ങളുണ്ട്.