അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്രം; ഇല്ലെന്ന് കേരളം: തര്‍ക്കം തുടരുന്നത് മനുഷ്യ ജീവന് വെല്ലുവിളി

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്രം; ഇല്ലെന്ന് കേരളം: തര്‍ക്കം തുടരുന്നത് മനുഷ്യ ജീവന് വെല്ലുവിളി

കൊച്ചി: മനുഷ്യജീവന് ഭീഷണിയുയര്‍ത്തുന്ന വന്യമൃഗങ്ങളെ നേരിടാന്‍ കേന്ദ്ര നിയമം തടസമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍.

നാട്ടിലിറങ്ങി ആക്രമണം നടത്തുന്ന വന്യമൃഗങ്ങളെ നേരിടാനും മനുഷ്യജീവനും കാര്‍ഷിക വിളകളും സംരക്ഷിക്കാനുമുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും അധികാരമുണ്ടെന്ന് വ്യക്തമാക്കുന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുടെ കത്തും കേന്ദ്രം പുറത്തു വട്ടു.

നാട്ടിലിറങ്ങുന്ന അപകടകാരികളായ വന്യജീവികളെ നേരിടാന്‍ സംസ്ഥാനം സ്വീകരിക്കേണ്ട നടപടികള്‍ വിശദമായി പറയുന്ന കത്തില്‍ അതിനുവേണ്ട നടപടിക്രമങ്ങളും വിശദീകരിക്കുന്നുണ്ട്.

വന്യജീവി ആക്രമണം തടയുന്നതു സംബന്ധിച്ച് ഫ്രാന്‍സിസ് ജോര്‍ജ് എം.പി നല്‍കിയ നിവേദനത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി കത്തയച്ചത്. വന്യജീവികളെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഇതില്‍ വിശദമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും ഇതിനു വിരുദ്ധമായ വാദങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.

മനുഷ്യജീവന് അപകടമാകുന്ന ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട വന്യമൃഗങ്ങളെ വെടിവയ്ക്കാനുള്ള അനുവാദം നല്‍കാന്‍ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് 1972 ലെ വന നിയമപ്രകാരം തന്നെ അധികാരമുണ്ടെന്ന് കത്തില്‍ വ്യക്തമായി പറയുന്നു.

ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെട്ടതും മനുഷ്യജീവനും സ്വത്തു വകകള്‍ക്കും ഭീഷണിയുയര്‍ത്തുന്നതുമായ വന്യമൃഗങ്ങളെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ ചുമതലപ്പെടുത്തുന്ന ഓഫീസര്‍ക്കോ അധികാരമുണ്ടെന്നും അതിലുണ്ട്.

ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് വന്യജീവികളുടെ സഞ്ചാര പഥങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ പരിശീലനം നല്‍കി പ്രത്യേക ദ്രുതകര്‍മ്മസേനയെ സജ്ജമാക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോടു നിര്‍ദ്ദേശിച്ചിട്ടുള്ളതായി കത്തില്‍ എടുത്തു പറയുന്നുണ്ട്.

എന്നാല്‍ വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളെ നേരിടാന്‍ സംസ്ഥാനത്തിനുള്ള പ്രധാന തടസം 1972 ലെ കേന്ദ്ര നിയമങ്ങളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസവും പറഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.