മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ് അന്വേഷണത്തില്‍ കുഴങ്ങി മുംബൈ പൊലീസ്. സെയ്ഫിന്റെ വസതിയില്‍ നിന്ന് 19 സെറ്റ് വിരലടയാളങ്ങളാണ് ശേഖരിച്ചത്. ഇത് തന്നെയാണ് പൊലീസിനെ കുഴക്കുന്നതും. പത്തൊമ്പത് വിരലടയാളങ്ങളില്‍ ഒന്ന് പോലും കേസില്‍ അറസ്റ്റിലായ ഷരീഫുൾ ഇസ്ലാമിന്റേതുമായി യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
സെയ്ഫിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ വിരലടയാളങ്ങള്‍ മുംബൈ പോലീസ് സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ (സിഐഡി) ഫിംഗര്‍പ്രിന്റ് ബ്യൂറോയിലേക്ക് അയച്ചിരുന്നു. ഇവ ഷരീഫുൾ ഇസ്ലാമിന്റേതുമായി യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് നെഗറ്റീവാണെന്ന വിവരം മുംബൈ പൊലീസിനെ അറിയിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കവര്‍ച്ചാ ശ്രമത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ സെയ്ഫിന് ആറ് തവണയാണ് കുത്തേറ്റത്. ജനുവരി 15 നായിരുന്നു ആക്രമണം നടന്നത്. ഗുരുതരമായ പരിക്കേറ്റ് മുംബൈ ലീലാവതി ആശുപത്രിയില്‍ എത്തിച്ച താരം ദിവസങ്ങള്‍ക്ക് മുമ്പാണ് ഡിസ്ചാര്‍ജ് ആയത്. നടന്റെ നട്ടെല്ലിനും കുത്തേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു.