വഖഫ് ബില്ലിന് ജെപിസി അംഗീകാരം: 14 ഭേദഗതികള്‍ അംഗീകരിച്ചു; പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി

വഖഫ് ബില്ലിന് ജെപിസി അംഗീകാരം:  14  ഭേദഗതികള്‍ അംഗീകരിച്ചു; പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അംഗീകാരം നല്‍കി. കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലിന്മേല്‍ 14 ഭേദഗതികളോടെയാണ് ജെപിസിയുടെ അംഗീകാരം.

ബില്ലിന്മേല്‍ കമ്മിറ്റിയിലെ പ്രതിപക്ഷ എംപിമാര്‍ 44 ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു. അവയെല്ലാം ബിജെപി അംഗം ജഗദംബിക പാല്‍ നേതൃത്വം നല്‍കുന്ന സമിതി തള്ളി.

പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികളില്‍ വോട്ടെടുപ്പ് നടന്നതായി സമിതി ചെയര്‍മാന്‍ ജഗദംബിക പാല്‍ പറഞ്ഞു. യോഗത്തില്‍ വഖഫ് ബില്ലിനെ 16 എംപിമാര്‍ പിന്തുണച്ചു. പ്രപതിപക്ഷത്തെ 10 പേര്‍ എതിര്‍ത്തു.

വോട്ടെടുപ്പില്‍ പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടിയില്ലെന്നും ഇതേതുടര്‍ന്ന് നിര്‍ദേശങ്ങള്‍ തള്ളിയതായും ജഗദംബിക പാല്‍ വ്യക്തമാക്കി. ഭരണപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

വഖഫ് ഭേദഗതി ബില്ലില്‍ നവംബര്‍ 29 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജെപിസിയോട് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയ പരിധി നീട്ടി നല്‍കുകയായിരുന്നു. ഭേദഗതികള്‍ പഠിക്കാന്‍ രൂപീകരിച്ച പാര്‍ലമെന്ററി സമിതി നിരവധി യോഗം ചേര്‍ന്ന് വാദം കേട്ടു.

ചെയര്‍മാന്‍ പക്ഷപാത പരമായി പെരുമാറുകയാണെന്ന് സമിതിയിലെ പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തിയിരുന്നു. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ലാക്കാക്കി വേഗത്തില്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കാന്‍ ശ്രമം നടക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാര്‍ കഴിഞ്ഞയാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തെഴുതിയിരുന്നു. ബില്ലിനെക്കുറിച്ച് പഠിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നും എംപിമാര്‍ കുറ്റപ്പെടുത്തി.

സമിതി യോഗത്തില്‍ ബഹളം ഉണ്ടാക്കിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം 10 പ്രതിപക്ഷ എംപിമാരെ ചെയര്‍മാന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. വഖഫ് ബോര്‍ഡുകളുടെ ഭരണ രീതിയില്‍ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബില്‍ നിര്‍ദ്ദേശിക്കുന്നത്.

ഭേദഗതി ബില്‍ പ്രകാരം അമുസ്ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണ സമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാന്‍ കഴിയില്ല എന്നതടക്കം നിരവധി നിര്‍ദേശങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.