ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്രംപിന്റെ രണ്ടാം ടേമിന് മോഡി അഭിനന്ദനം അറിയിച്ചു. പശ്ചിമേഷ്യയിലെയും ഉക്രെയ്നിലെയും സ്ഥിതി ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.
ആഗോള സമാധാനം, സമൃദ്ധി, സുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പരസ്പരം പ്രയോജനപ്പെടുന്ന പങ്കാളിത്ത നടപടികളില്‍ ഏര്‍പ്പെടണമെന്നും ഇരുവരും പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സാങ്കേതികവിദ്യ, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം തുടങ്ങിയ മേഖലകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ട നടപടികളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഇരു നേതാക്കളും തമ്മില്‍ ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചതായി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
യു.എസ് പ്രസിഡന്റ് ട്രംപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് പ്രധാനമന്ത്രി മോഡി എക്സിലും കുറിച്ചിരുന്നു. പ്രിയ സുഹൃത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിക്കുന്നതില്‍ സന്തോഷം. അദേഹത്തിന്റെ ചരിത്രപരമായ രണ്ടാം ടേമില്‍ അദേഹത്തെ അഭിനന്ദിച്ചു. പരസ്പരം പ്രയോജനകരവും വിശ്വസനീയവുമായ പങ്കാളിത്തത്തിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും, സമൃദ്ധിക്കും, സുരക്ഷയ്ക്കും വേണ്ടി തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കി.
ജനുവരി 20 ന് യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ സംഭാഷണമാണിത്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പങ്കെടുത്തിരുന്നു. ട്രംപിനായി പ്രധാനമന്ത്രി മോഡിയുടെ ഒരു കത്തും അദേഹം എത്തിച്ചിരുന്നു. ട്രംപ് സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ പ്രധാനമന്ത്രി മോഡി തന്റെ ആശംസകള്‍ അറിയിച്ചിരുന്നു.