സാമ്പത്തിക മാന്ദ്യം മാറാന്‍ പണം വേണം; കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം

സാമ്പത്തിക മാന്ദ്യം മാറാന്‍ പണം വേണം; കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്  ആവശ്യപ്പെട്ട് കേരളം

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം. കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയര്‍ത്തണമെന്നും അത് ഉപാധി രഹിതമാകണമെന്നും ബജറ്റിന് മുന്നോടിയായി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

തിരിച്ചടവ് വ്യവസ്ഥയില്ലാത്ത വിജിഎഫ് അടക്കം വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 5000 കോടിയും ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കും വയനാട് പുനരധിവാസത്തിനും ഇത്തവണ ബജറ്റില്‍ പ്രത്യേക പരിഗണന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം.

കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കുന്നതിനെ ചൊല്ലി കോടതി കയറിയ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര ബജറ്റ് വരുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിന് സമാഹരിക്കുന്ന വായ്പ പോലും കടപരിധിയില്‍ ഉള്‍പ്പെടുത്തുന്ന കേന്ദ്ര നയം പുനപരിശോധിക്കണമെന്ന ആവശ്യമാണ് കേരളം പ്രധാനമായും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷം 3.5 ശതമാനമായെങ്കിലും കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഒപ്പം ഊര്‍ജ മേഖലയിലെ നേട്ടത്തിന് അനുവദിച്ച 1.5 ശതമാനം തുടരണമെന്നും ആവശ്യപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ശാശ്വത പരിഹാരത്തിന് കേന്ദ്ര ബജറ്റില്‍ ഇത്തവണ പ്രത്യേക പരിഗണന ഉണ്ടാകുമെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടല്‍.

4500 കോടിയെങ്കിലും മാറ്റി വെക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യ- മൃഗ സംഘര്‍ഷ മേഖലകളില്‍ പ്രശ്‌ന പരിഹാരത്തിന് ആയിരം കോടിയുടെ വകയിരുത്തലും പ്രതീക്ഷിക്കുന്നുണ്ട്.

അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍കിട മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട സില്‍വര്‍ ലൈന്‍, അങ്കമാലി-ശബരി, തലശേരി-മൈസൂര്‍ റെയില്‍ പാതകള്‍ തുടങ്ങിയവയിലെല്ലാം പരിഗണനകള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നെല്ല് സംഭരണം, സപ്ലെയ്‌കോ കുടിശിക, റബറിന് വില സ്ഥിരതാ ഫണ്ട് തുടങ്ങി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ കുടിശ തീര്‍ക്കല്‍ വരെ സമഗ്രമായ പാക്കേജാണ് കേരളം സമര്‍പ്പിച്ചിട്ടുള്ളത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.