കോയമ്പത്തൂര്‍: ഐ.എസ് തീവ്രവാദ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎ പരിശോധന. കോയമ്പത്തൂരില്‍ കാര്‍ ബോംബ് സ്ഫോടനം നടത്തിയ കേസിലെ നാല് പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍.
ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലും അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിലും തെളിവുകള്‍ കണ്ടെത്തുന്നതിനാണ് പ്രതികളുടെ ഒളിത്താവളങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്. എന്‍ഐഎ പരിശോധന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
2022 ഒക്ടോബറില്‍ കോയമ്പത്തൂരില്‍ കാര്‍ ബോംബ് സ്ഫോടനം നടത്തിയ കേസിലെ നാല് പ്രതികളെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21 ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ജമീല്‍ ബാഷ, മുഹമ്മദ് ഹുസൈന്‍, ഇര്‍ഷാദ്, സയ്യിദ് അബ്ദു റഹ്മാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നാല് പ്രതികളും തീവ്രവാദ പ്രവര്‍ത്തനത്തിന് പണം നല്‍കാന്‍ കൂട്ടു നിന്നതായി കണ്ടെത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ഇവര്‍ പങ്കാളികളാണെന്ന് കണ്ടെത്തിയിരുന്നു.
കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടനക്കേസിലെ അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ എന്‍ഐഎ പരിശോധനയെന്നാണ് വിവരം.
ഐ.എസ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതികള്‍ റിക്രൂട്ട്മെന്റ് ശൃംഖലയും കോയമ്പത്തൂരില്‍ മദ്രാസ് അറബിക് കോളജ് എന്ന അറബി ഭാഷാ കേന്ദ്രവും നടത്തിയിരുന്നു. കോയമ്പത്തൂരില്‍ മുഹമ്മദ് ഹുസൈനും ഇര്‍ഷാദും ചേര്‍ന്നാണ് കേന്ദ്രം സ്ഥാപിച്ചത്.
സോഷ്യല്‍ മീഡിയയിലും ക്ലാസ് റൂം സെഷനുകളിലും അവര്‍ യുവാക്കളെ സ്വാധീനിക്കാറുണ്ടായിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഐ.എസുമായി ബന്ധമുള്ള റിക്രൂട്ട്മെന്റ സംബന്ധിച്ച കേസുകള്‍ എന്‍ഐഎ സജീവമായി അന്വേഷിക്കുന്നുണ്ട്.