ശ്രീഹരിക്കോട്ടയില്‍ നൂറാം വിക്ഷേപണം നാളെ ; ചരിത്ര നേട്ടത്തിന് തയാറായി ഐഎസ്ആര്‍ഒ:കൗണ്ട്ഡൗണ്‍ തുടങ്ങി

ശ്രീഹരിക്കോട്ടയില്‍ നൂറാം വിക്ഷേപണം നാളെ ; ചരിത്ര നേട്ടത്തിന് തയാറായി ഐഎസ്ആര്‍ഒ:കൗണ്ട്ഡൗണ്‍ തുടങ്ങി

ശ്രീഹരിക്കോട്ട: ചരിത്രത്തിലേക്ക് പറന്നുയരാന്‍ തയാറെടുത്ത് ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ നൂറാം ദൗത്യം നാളെ രാവിലെ 6:23 ന് വിക്ഷേപിക്കും. ഇതിനായുള്ള 27 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ശ്രീഹരികോട്ടയില്‍ ആരംഭിച്ചു.

നാളെ രാവിലെ രണ്ടാമത്തെ ലോഞ്ച് പാഡില്‍ നിന്നാണ് ജിഎസ്എല്‍വി റോക്കറ്റില്‍ നാവിഗേഷന്‍ ഉപഗ്രഹം വിക്ഷേപിക്കുന്നത്. ജനുവരി 13 ന് ചുമതലയേറ്റ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്റെ ആദ്യ ദൗത്യമാണിതെന്ന പ്രത്യേകതയുമുണ്ട്.

വിക്ഷേപണത്തിന് മുന്നോടിയായി ഇന്ന് പുലര്‍ച്ചെ 2.53 ന് കൗണ്ട്ഡൗണ്‍ ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ജിയോസിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി), അതിന്റെ പതിനേഴാമത്തെ വിക്ഷേപണത്തിലൂടെയാണ് നൂറാം ദൗത്യമെന്ന ചരിത്ര നേട്ടം കൈവരിക്കുന്നത്.

യു.ആര്‍ സാറ്റലൈറ്റ് സെന്റര്‍ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുത്ത എന്‍വിഎസ്-02 ഉപഗ്രഹത്തിന് ഏകദേശം 2,250 കിലോഗ്രാം ഭാരമുണ്ട്, കൂടാതെ എല്‍ 1, എല്‍ 5, എസ് ബാന്‍ഡുകളിലെ നാവിഗേഷന്‍ പേലോഡുകളും മുന്‍പ് വിക്ഷേപിച്ച എന്‍വിഎസിന് സമാനമായി സി-ബാന്‍ഡില്‍ പേലോഡും സജീകരിച്ചിരിക്കുന്നു.

2023 മെയ് 29 ന് വിക്ഷേപിച്ച രണ്ടാം തലമുറ ഉപഗ്രഹങ്ങളില്‍ ആദ്യത്തേതായ എന്‍വിഎസ് -01 ഉപഗ്രഹത്തിന് തുടര്‍ച്ചയായിട്ടാണ് ജിഎസ്എല്‍വി - എഫ് 12 ദൗത്യം. ഭൗമ, വ്യോമ, സമുദ്ര നാവിഗേഷന്‍, കൃത്യമായ കൃഷി, ഫ്‌ളീറ്റ് മാനേജ്‌മെന്റ്, മൊബൈല്‍ ഉപകരണങ്ങള്‍ക്കുള്ള ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍, ഉപഗ്രഹങ്ങള്‍ക്കായുള്ള ഭ്രമണപഥം നിര്‍ണയിക്കല്‍, ഐഒടി അധിഷ്ഠിത ആപ്ലിക്കേഷനുകള്‍, എമര്‍ജന്‍സി, ടൈമിങ് സേവനങ്ങള്‍ എന്നിവ ഉപഗ്രഹത്തിന്റെ പ്രധാന ആപ്ലിക്കേഷനുകളില്‍ ഉള്‍പ്പെടുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.