ന്യൂഡല്‍ഹി: ശ്രീലങ്കന്‍ നാവിക സേനയുടെ വെടിയേറ്റ് അഞ്ച് ഇന്ത്യന്‍ മത്സ്യ തൊഴിലാളികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ശ്രീലങ്കന്‍ ആക്ടിങ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു.
ഡെല്‍ഫ്റ്റ് ദ്വീപിനടുത്ത് ഇന്ത്യന്‍ മത്സ്യ തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ സേന വെടിയുതിര്‍ത്തതായും 13 പേര്‍ പിടിയിലായതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
ഏതു സാഹചര്യത്തിലും ബലപ്രയോഗം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ ശ്രീലങ്കന്‍ ആക്ടിങ് ഹൈക്കമ്മീഷണറെ അറിയിച്ചു.
'മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 13 മത്സ്യ തൊഴിലാളികളില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്കുകളുണ്ട്. നിലവില്‍ അവര്‍ ജാഫ്ന ടീച്ചിങ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കും ചികിത്സ നല്‍കി'- വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ജാഫ്നയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പരിക്കേറ്റ മത്സ്യ തൊഴിലാളികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ ന്യൂഡല്‍ഹിയിലെ ശ്രീലങ്കന്‍ ആക്ടിങ് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തി സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.