'പുടിനെ വകവരുത്താന്‍ ബൈഡന്‍ ഭരണകൂടം ശ്രമിച്ചു': ആരോപണവുമായി യു.എസ് മാധ്യമ പ്രവര്‍ത്തകന്‍

'പുടിനെ വകവരുത്താന്‍  ബൈഡന്‍ ഭരണകൂടം ശ്രമിച്ചു': ആരോപണവുമായി യു.എസ് മാധ്യമ പ്രവര്‍ത്തകന്‍

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ വധിക്കാന്‍ ജോ ബൈഡന്റെ ഭരണ കാലത്ത് അമേരിക്ക നീക്കം നടത്തിയെന്ന ആരോപണവുമായി യു.എസ് വാര്‍ത്താ ചാനലായ ഫോക്സ് ന്യൂസിന്റെ മുന്‍ അവതാരകന്‍ ടക്കര്‍ കാള്‍സണ്‍.

'ദ ടക്കര്‍ കാള്‍സണ്‍ ഷോ' എന്ന പോഡ് കാസ്റ്റിലാണ് പുടിനെ വധിക്കാന്‍ അമേരിക്ക ശ്രമിച്ചുവെന്ന് കാള്‍സണ്‍ ആരോപിച്ചത്. എന്നാല്‍ തന്റെ വാദത്തിന് ബലമേകുന്ന തെളിവുകളൊന്നും കാള്‍സണ്‍ വ്യക്തമാക്കിയിട്ടില്ല.

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മാറ്റ് റ്റെയ്ബിയുമയി നടത്തിയ പോഡ് കാസ്റ്റിലാണ് വിവാദത്തിന് വഴിതെളിയിക്കുന്ന വാദം കാള്‍സണ്‍ ഉന്നയിച്ചത്. കാള്‍സണ്‍ നടത്തിയ പരാമര്‍ശം വളരെ പെട്ടെന്ന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

വിഷയത്തില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനോ അദേഹത്തിന്റെ സര്‍ക്കാരിലുണ്ടായിരുന്നവരോ പ്രതികരിച്ചില്ല. എന്നാല്‍ റഷ്യ ഇക്കാര്യത്തില്‍ പ്രതികരണവുമായെത്തി. പുടിന്റെ സുരക്ഷയ്ക്ക് റഷ്യന്‍ സ്പെഷ്യല്‍ സര്‍വീസ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്.

2020 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെളിവുകളില്ലാതെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ ഫോക്സ് ന്യൂസ് കാള്‍സണെ പുറത്താക്കിയിരുന്നു. കാള്‍സണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ മൂലം ചാനലിന് നിയമ നടപടികള്‍ നേരിടേണ്ടി വന്നിരുന്നു.

ഇതിന് ശേഷമാണ് തന്റെ പോഡ്കാസ്റ്റ് ഷോയുമായി ഇദേഹം രംഗപ്രവേശം ചെയ്തത്്. പലപ്പോഴും റഷ്യയ്ക്ക് അനുകൂലമായി സംസാരിച്ച ചരിത്രം ടക്കര്‍ കാള്‍ണുണ്ട്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം നടക്കവേ ഉക്രെയ്‌ന് നല്‍കുന്ന സഹായത്തിനെതിരെയും കാള്‍സണ്‍ രംഗത്ത് വന്നിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.