വഖഫ് ഭേദഗതി ബില്ലിന് ജെപിസിയുടെ അംഗീകാരം: കരട് രേഖയില്‍ 14 ഭേദഗതികള്‍; നാളെ സ്പീക്കര്‍ക്ക് കൈമാറും

വഖഫ് ഭേദഗതി ബില്ലിന് ജെപിസിയുടെ അംഗീകാരം: കരട് രേഖയില്‍ 14 ഭേദഗതികള്‍; നാളെ സ്പീക്കര്‍ക്ക് കൈമാറും

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന്റെ കരട് സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകരിച്ചു. വോട്ടെടുപ്പില്‍ 11 നെതിരെ 16 വോട്ടുകളോടെയാണ് ഭേദഗതി ബില്‍ അംഗീകരിച്ചതെന്ന് ജെപിസി ചെയര്‍മാന്‍ ജഗദംബികാപാല്‍ അറിയിച്ചു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ 14 ഭേദഗതികള്‍ വരുത്തിയാണ് ബില്ലിന് ജെപിസി അംഗീകാരം നല്‍കിയത്.

പുതിയ ബില്ലുകളിന്മേല്‍ എന്തെങ്കിലും വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ ഇന്ന് വൈകുന്നേരം നാലിനകം സമര്‍പ്പിക്കാന്‍ സമിതി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതുക്കിയ റിപ്പോര്‍ട്ട് നാളെ ലോക്സഭ സ്പീക്കര്‍ക്ക് കൈമാറുമെന്നും ജെപിസി ചെയര്‍മാന്‍ ജഗദംബികപാല്‍ അറിയിച്ചു. പ്രതിപക്ഷം നിര്‍ദേശിച്ച 44 ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ കല്യാണ്‍ ബാനര്‍ജി, നദിമുല്‍ ഹഖ്, ഡിഎംകെ എംപി എ. രാജ, എഎപി നേതാവ് സഞ്ജയ് സിങ്, ശിവസേന (ഉദ്ധവ് താക്കറെ) എംപി അരവിന്ദ് സാവന്ത് എന്നിവര്‍ ഔദ്യോഗികമായി വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ വേണ്ട സമയം നല്‍കിയില്ലെന്നാണ് പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തുന്നത്.

വരുന്ന ബജറ്റ് സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി ബില്‍ പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്‍ 2024, ഓഗസ്റ്റ് എട്ടിനാണ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് (ജെപിസി) പരിശോധനയ്ക്കായി വിട്ടത്. അമുസ്ലിങ്ങളായ രണ്ട് പേര്‍ വഖഫ് ബോര്‍ഡ് ഭരണസമിതിയില്‍ ഉണ്ടാകുമെന്നത് ഉള്‍പ്പടെയുള്ളവയാണ് പുതിയ ബില്ലില്‍ ഉള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.