ലഖ്നൗ: പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയ്ക്കിടെ ബുധനാഴ്ച തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മരിച്ച 30 പേരില്‍ 25 പേരെ തിരിച്ചറിഞ്ഞു.
അറുപത് പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡിഐജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.
തിക്കിലും തിരക്കിലും മരിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകളും പ്രയാഗ് രാജ് നിവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളും പുറത്തു വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് പുറത്തു വിട്ടത്.
മൗനി അമാവാസി ദിനത്തില്‍ പുണ്യസ്‌നാനം നടത്താന്‍ നിരവധി തീര്‍ഥാടകര്‍ തിരക്കു കൂട്ടിയതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. തിക്കിലും തിരക്കിലും പെടുന്നതിന് മുമ്പ് പലരും ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ തുടങ്ങിയെന്നും വൈഭവ് കൃഷ്ണ പറഞ്ഞു.
പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ തിക്കിലും തിരക്കിലുമാണ് 30 പേര്‍ മരിച്ചത്. സംഭവം അങ്ങേയറ്റം ദുഖകരമെന്ന് മോഡി എക്‌സില്‍ കുറിച്ചു. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മോഡി പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു.
സാധ്യമായ എല്ലാ സഹായങ്ങളും ഒരുക്കാന്‍ പ്രാദേശിക ഭരണകൂടം വ്യാപൃതരാണ്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്ഥിതി ഗതികള്‍ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും മോഡി എക്‌സില്‍ കുറിച്ചു.
അതേസമയം ബാരിക്കേഡ് മറികടക്കാന്‍ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ വലിയ ജനക്കൂട്ടമെത്തിച്ചേര്‍ന്നു.
സജീകരണങ്ങളെല്ലാം കൃത്യമായിരുന്നു. കുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും അദേഹം പറഞ്ഞു.