കൊച്ചി: പുതിയ മലയാള സിനിമകളുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ നിര്‍മാതാക്കളുടെ സംഘടന. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ പിന്തുണ തേടി ഫിലിം ചേംബറിനെ സമീപിച്ചു. ജിഎസ്ടിക്ക് പുറമേ സംസ്ഥാന സര്‍ക്കാരിന്റെ വിനോദ നികുതി കൂടിയാകുമ്പോള്‍ സാമ്പത്തിക ബാധ്യത താങ്ങാനാവുന്നില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
അഭിനേതാക്കള്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കുന്നുണ്ടെങ്കിലും അത് അനുസരിച്ചുള്ള വരുമാനമോ ലാഭമോ സിനിമാ മേഖലയില്‍ നിന്ന് ലഭിക്കുന്നില്ലെന്നും കഴിഞ്ഞ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. മലയാള സിനിമയിലെ അഭിനേതാക്കള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ സിനിമാ നിര്‍മാണം പൂര്‍ണമായും നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യമുണ്ടാകുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
അഭിനേതാക്കള്‍ക്കുള്ള പ്രതിഫലം ഘട്ടം ഘട്ടമായി നല്‍കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം തേടി താരസംഘടനയായ എ.എംഎം.എയ്ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് എ.എംഎം.എ. വിനോദ നികുതിയും അഭിനേതാക്കളുടെ ഉയര്‍ന്ന പ്രതിഫലവുമാണ് നിര്‍മാതാക്കളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത്. ഇത് പരിഹരിക്കാന്‍ കൂടിയാലോചനയും ചര്‍ച്ചയും നടന്നില്ലെങ്കില്‍ നിര്‍മാണം നിര്‍ത്തിവെക്കുന്നതിലേക്ക് കടക്കേണ്ടി വരുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു.