തിരുവനന്തപുരം: ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ കേരളത്തിലെ ആദ്യത്തെ അറസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രേഖപ്പെടുത്തി.
ചെന്നൈ കാഞ്ചീപുരം സ്വദേശികളായ കതിരവന്‍ രവി, ഡാനിയേല്‍ സെല്‍വകുമാര്‍, ആന്റോ പോള്‍ പ്രകാശ്, അലന്‍ സാമുവേല്‍ എന്നിവരാണ് പിടിയിലായത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പത്ത് കേസുകളിലാണ് ഇഡിയുടെ അറസ്റ്റ്.
ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ ദുരുപയോഗം ചെയ്തു, ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോണിന്റെ നിയന്ത്രണം പ്രതികള്‍ കൈക്കലാക്കുന്നു, മോര്‍ഫിങിലൂടെ നഗ്‌ന ചിത്രങ്ങള്‍ കാട്ടി ഇടപാടുകാരില്‍ നിന്നും വന്‍ തുക തട്ടി തുടങ്ങിയ കാര്യങ്ങള്‍ ഇഡി കണ്ടെത്തിയിട്ടുണ്ട്.
പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസന്വേഷണം നടത്തിയത്. തട്ടിപ്പിന്റെ രാജ്യാന്തര കണ്ണികളെന്ന് സംശയിക്കുന്ന നാല് പേരാണ് അറസ്റ്രിലായിട്ടുള്ളത്.
കതിരവന്‍ രവിയുടെ അക്കൗണ്ടില്‍ 110 കോടി രൂപ എത്തിയിരുന്നു. അതില്‍ 105 കോടിയും പോയിരിക്കുന്നത് മുംബൈ ആസ്ഥാനമായ കമ്പനിയിലേക്കാണ്. ഇത്തരത്തില്‍ 1600 കോടിയുടെ സാമ്പത്തിക ഇടപാടുകളാണ് ഇവര്‍ നടത്തിയത്.
ഇവരുടെ ലോണ്‍ ആപ്പുകള്‍ ആര് ഡൗണ്‍ലോഡ് ചെയ്യുന്നുവോ അവരുടെ മൊബൈല്‍ ഡേറ്റ ഫോട്ടോകള്‍ സഹിതം ഇവരുടെ കൈകളിലെത്തും. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങള്‍ ഇവര്‍ ശേഖരിക്കുന്നു. വൃക്തിപരമായ ചിത്രങ്ങള്‍ ഇവര്‍ പിന്നീട് ദുരുപയോഗം ചെയ്യുകയാണ് പതിവ്.
ആദ്യം ചെറിയ തുകകള്‍ നല്‍കി ക്രമേണ വന്‍ തുകകള്‍ നല്‍കുന്നതാണ് ലോണ്‍ ആപ്പിന്റെ രീതി. ലോണ്‍ തുക കൂടുമ്പോള്‍ പലിശയിനത്തില്‍ വലിയ തുക ആവശ്യപ്പെടും. ഇത് കൊടുക്കാന്‍ കഴിയാതെ വരുമ്പോള്‍ വ്യക്തിപരമായ ചിത്രങ്ങള്‍ വച്ച് ഇവര്‍ ഭീഷണിപ്പെടുത്തി പണം തട്ടും.
ഇത്തരത്തില്‍ ലോണ്‍ ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് ആത്മഹത്യാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് മുമ്പ് ദക്ഷിണേന്ത്യയില്‍ ആകെ ഒരു അറസ്റ്റ് മാത്രമാണ് നടന്നത്. ഹരിയാനയിലടക്കം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.