ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ രാഷ്ട്രപതിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. പാവം രാഷ്ടപതി, വായിച്ചു തളര്‍ന്ന് സംസാരിക്കാന്‍ പോലും വയ്യാതായെന്നും പ്രസംഗത്തില്‍ മുഴുവന്‍ വ്യാജ വാഗ്ദാനങ്ങളായിരുന്നെന്നും സോണിയ പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം പാര്‍ലമെന്റിന് പുറത്തെത്തിയപ്പോഴായിരുന്നു സോണിയയുടെ പ്രതികരണം. 'പ്രസംഗത്തിന്റെ അവസാനത്തോടെ രാഷ്ട്രപതി വളരെ ക്ഷീണിതയായിരുന്നു. അവര്‍ക്ക് സംസാരിക്കാന്‍ പോലും കഴിയുമായിരുന്നില്ല. പാവം' എന്നായിരുന്നു സോണിയയുടെ പ്രതികരണം.
അതിനിടെ സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതി ഭവന്‍ രംഗത്തു വന്നു. രാഷ്ട്രപതി ഭവന്റെ അന്തസിനെ മുറിവേല്‍പ്പിക്കുന്ന വാക്കുകളാണ് കോണ്‍ഗ്രസ് നേതാവില്‍ നിന്നുണ്ടായതെന്ന് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗം വായിച്ച് രാഷ്ട്രപതി ക്ഷീണിതയായിട്ടില്ല. വാസ്തവത്തില്‍ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരേക്കുറിച്ചും കര്‍ഷകരേക്കുറിച്ചും സ്ത്രീകളേക്കുറിച്ചും സംസാരിക്കുമ്പോള്‍ ഒരിക്കലും ക്ഷീണിതയാകില്ലെന്നും രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആദിവാസി സ്ത്രീയുടെ പ്രസംഗം മടുപ്പുണ്ടാക്കുന്നതാണെന്ന് പറഞ്ഞ സോണിയയുടെ പരാമര്‍ശം രാജ്യത്തെ പാവപ്പെവരെയും ആദിവാസികളെയും അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നതെന്നും മോഡി പറഞ്ഞു.
അതേസമയം വിഷയത്തില്‍ സോണിയ ഗാന്ധിയെ പ്രതിരോധിച്ച് മകളും ലോക്‌സഭാംഗവുമായ പ്രിയങ്ക ഗാന്ധി രംഗത്ത് വന്നു. മോശം അര്‍ഥത്തിലല്ല ആ വാക്കുപയോഗിച്ചതെന്നും മാധ്യമങ്ങള്‍ പരാമര്‍ശം വളച്ചൊടിച്ചെന്നും പ്രിയങ്ക ആരോപിച്ചു.
രാഷ്ട്രപതിയോട് ബഹുമാനമേയുള്ളൂ. അമ്മയുടെ വാക്കുകളില്‍ ആനാദരമില്ലെന്ന് വ്യക്തം. തന്റെ അമ്മ 78 വയസുകഴിഞ്ഞ സ്ത്രീയാണ്. നീണ്ട പ്രസംഗം വായിച്ച് മടുത്തിട്ടുണ്ടാകുമെന്നാണ് അമ്മ പറഞ്ഞതെന്നും പ്രിയങ്ക വിശദീകരിച്ചു.