ന്യൂഡല്‍ഹി: കേരളത്തിലെ റെയില്‍വേ വികസനത്തിന് 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്.
കേരളത്തില്‍ 32 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുമെന്നും രാജ്യത്ത് 200 വന്ദേഭാരത് ട്രെയിനുകളും 50 നമോ ഭാരത് ട്രെയിനുകളും കൂടി പുതുതായി അനുവദിക്കുമെന്നും ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദേഹം പറഞ്ഞു. നൂറ് കിലോ മീറ്റര്‍ ദൂര പരിധിയിലാവും നമോ ഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുക. കൂടാതെ 100 അമൃത് ഭാരത് ട്രെയിനുകളും സര്‍വീസ് നടത്തും.
സംസ്ഥാനത്ത് 15,742 കോടി രൂപയുടെ വികസനം പുരോഗമിക്കുന്നതായും 32 സ്റ്റേഷനുകള്‍ നവീകരിക്കുന്നതായും പറഞ്ഞ മന്ത്രി കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കുന്നത് പരിഗണനയിലാണെന്നും കൂട്ടിച്ചേര്‍ത്തു.
റെയില്‍വേ സുരക്ഷയ്ക്കായി കൂടുതല്‍ തുക വിലയിരുത്തും. ബിഹാറില്‍ 10,066 കോടി രൂപയും, ആന്ധ്രാപ്രദേശില്‍ 9,417 കോടിയും ഒഡീഷയില്‍ 10,599 കോടി രൂപയുമാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്.
2,52,200 കോടി രൂപയാണ് ബജറ്റില്‍ റെയില്‍വേ വികസനത്തിനായി ആകെ നീക്കി വച്ചത്. 17,500 ജനറല്‍ കോച്ചുകള്‍, 200 വന്ദേഭാരത്, 100 അമൃത് ഭാരത് ട്രെയിനുകള്‍ എന്നിവ നിര്‍മിക്കാനുള്ള പദ്ധതിക്ക് അനുമതിയും നല്‍കിയിരുന്നു.