സഭയെ തുടര്‍ച്ചയായി വേട്ടയാടി നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം; നസ്രത്ത് ക്ലിനിക്കും ദൈവദാസൻ ഫാ. ഒഡോറിക്കോയുടെ ഫൗണ്ടേഷനും കണ്ടുകെട്ടി

സഭയെ തുടര്‍ച്ചയായി വേട്ടയാടി നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം; നസ്രത്ത് ക്ലിനിക്കും ദൈവദാസൻ ഫാ. ഒഡോറിക്കോയുടെ ഫൗണ്ടേഷനും കണ്ടുകെട്ടി

മനാഗ്വേ: പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയും വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയും നിക്കരാഗ്വേയില്‍ കത്തോലിക്ക സഭയ്ക്ക് നേരെ നടത്തുന്ന അതിക്രമം തുടർക്കഥ. ഫ്രാൻസിസ്കൻ വൈദികൻ ദൈവദാസൻ ഒഡോറിക്കോ ഡി ആൻഡ്രിയയുടെ പേരിലുള്ള ഫൗണ്ടേഷനും നസ്രത്ത്‌ ക്ലിനിക്കും കണ്ടുകെട്ടിയതാണ് ഇതിൽ അവസാനത്തേത്.

പൊലിസും അറ്റോർണി ജനറലിന്റെ ഓഫീസും നസ്രത്ത്‌ ക്ലിനിക്കിൽ റെയ്ഡ് നടത്തുകയായിരുന്നെന്ന് നിക്കരാഗ്വേൻ പത്രമായ മൊസൈക്കോ സിഎസ്ഐ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സാൻ റാഫേൽ ഡെൽ നോർട്ടെയിലെ ലോക്കൽ സിസ്റ്റം ഓഫ് കോംപ്രിഹെൻസീവ് ഹെൽത്ത് കെയറിന്റെ ഡയറക്ടർ ഡോ. മിർണ ലോപ്പസിനൊപ്പമാണ് ഉദ്യോഗസ്ഥരുടെ സംഘം റെയ്‌ഡിനായി എത്തിയത്.

വിവിധ സാമൂഹിക വികസന പദ്ധതികൾ നടപ്പിലാക്കുന്ന ഒഡോറിക്കോ ഡി ആൻഡ്രിയ ഫൗണ്ടേഷന്റെ എല്ലാ വസ്തുവകകളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. ആറ് മോട്ടോർ സൈക്കിളുകളും ഒരു വാനും ഒരു ട്രക്കും കണ്ടുകെട്ടിയതായി റിപ്പോർട്ട് ചെയ്യുന്നു.

ഫാ. ഒഡോറിക്കോ ഡി ആൻഡ്രിയയെ അനുസ്മരിക്കാൻ ജനക്കൂട്ടം ഒന്നിച്ച് കൂടുന്ന എൽ ടെപിയാക് സാങ്ച്വറിയിൽ നിന്ന് 700 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ടെമ്പിൾടെ ഡിവിന പ്രൊവിഡൻസിയ എന്ന് വിളിക്കപ്പെടുന്ന സ്ഥലം ഒർട്ടേഗ പൊലിസ് കൈവശപ്പെടുത്തിയതായും മൊസൈക്കോ റിപ്പോർട്ട് ചെയ്യുന്നു.

2018 ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയത് മുതലാണ് നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. ജനദ്രോഹ നടപടികളില്‍ സഭ ശക്തമായി രംഗത്ത് വന്നിരിന്നു. ഇതിന് പിന്നാലേ സഭയെ തുടര്‍ച്ചയായി സര്‍ക്കാര്‍ വേട്ടയാടി വരികയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.