വാഷിങ്ടണ്‍ : അമേരിക്കയിൽ റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന വയോധികന് വിമാനത്തിന്റെ ലോഹഭാഗം തെറിച്ച് വീണ് തലയ്ക്ക് പരിക്ക്. അരക്കിലോമീറ്ററോളം അകലെ തകര്‍ന്ന് വീണ വിമാനത്തിന്റെ ഭാഗമാണ് ദൂരേക്ക് തെറിച്ചു വീണത് എന്നതാണ് ശ്രദ്ധേയം.
അപകടത്തിന്റെ 16 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് തങ്ങളുടെ നടുക്കം കമന്റായി രേഖപ്പെടുത്തുന്നത്. അമേരിക്കയെ നടുക്കി രണ്ട് വ്യോമയാന ദുരന്തങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഫിലാഡല്‍ഫിയയില്‍ ചെറു വിമാനം ജനവാസ മേഖലയില്‍ തകര്‍ന്ന് വീണ് അപകടമുണ്ടായിരുന്നു. ആറ് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
ഈ ചെറുവിമാനത്തിന്റെ ലോഹ ഭാഗമാണ് തെറിച്ച് റസ്റ്റോറന്റില്‍ ഡിന്നര്‍ കഴിക്കാനായി ഇരുന്ന വയോധികന്റെ തലയില്‍ വന്ന് പതിച്ച് അപകടമുണ്ടായത്. അദേഹത്തിന്റെ തൊപ്പി തെറിച്ച് പോകുന്നതും ഒരു വശത്തേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം.
ഞങ്ങളെല്ലാം പേടിച്ച് വിറച്ച് പോയി. ഭാഗ്യവശാല്‍ ആര്‍ക്കും ഒന്നും സംഭവിച്ചില്ല. ഭക്ഷണം കഴിക്കാനെത്തിയ ഒരാളുടെ തലയില്‍ ലോഹ കഷ്ണം വന്നിടിച്ച് പരിക്കേറ്റു. അദേഹത്തെ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിച്ചു. അദേഹത്തിന്‍റെ പേരുവിവരങ്ങള്‍ അറിയില്ലെന്ന് റസ്റ്ററന്‍റ് മാനേജര്‍ പറഞ്ഞു.