ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫെബ്രുവരി 13 ന് കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. പ്രധാനമന്ത്രിയുടെ നേരത്തെയുള്ള യു.എസ് സന്ദര്‍ശനത്തിനായി യു.എസുമായി ചര്‍ച്ച നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.
ട്രംപ് രണ്ടാം തവണയും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള മോഡിയുടെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാന്‍ പ്രധാനമന്ത്രി മോഡിയുടെ നേരത്തെയുള്ള യു.എസ് സന്ദര്‍ശനത്തിനായി ഇന്ത്യയും യു.എസും ശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ സന്ദര്‍ശനത്തിന്റെ കൃത്യമായ തിയതികള്‍ ആലോചിച്ചു വരികയാണെന്നായിരുന്നു അദേഹം വ്യക്തമാക്കിയിരുന്നത്.
ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിന് ശേഷം ജനുവരി 27 ന് പ്രധാനമന്ത്രി മോഡി അദേഹവുമായി സംസാരിച്ചിരുന്നു. വ്യാപാരം, ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ ഇന്ത്യ-യു.എസ് സഹകരണം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വിശ്വസനീയ പങ്കാളിത്തത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഇരു നേതാക്കളും അന്ന് പ്രതിജ്ഞയെടുത്തിരുന്നു.