ന്യൂഡല്‍ഹി: ഡല്‍ഹി നാളെ പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 70 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഇന്ന് നിശബ്ദപ്രചാരണം നടക്കും. വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ശനിയാഴ്ച ഫലം പ്രഖ്യാപിക്കും.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഡല്‍ഹിയില്‍ വന്‍ വിജയം ആവര്‍ത്തിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. അട്ടിമറിയാണ് കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്.
അതേസമയം അരവിന്ദ് കെജരിവാള്‍ എന്ന ഒറ്റ വ്യക്തിയില്‍ കേന്ദ്രീകരിച്ച് ആയിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം. സൗജന്യ പ്രഖ്യാപനങ്ങള്‍ തന്നെയായിരുന്നു ആം ആദ്മിയുടെ പ്രചാരണ ആയുധം. യമുനയില്‍ ബിജെപി വിഷം കലര്‍ത്തുന്നു എന്നതടക്കമുള്ള ഗൗരവകരമായ നിരവധി ആരോപണങ്ങള്‍ കെജരിവാള്‍ ഉയര്‍ത്തി. മദ്യനയ അഴിമതി, കെജരിവാളിന്റെ ആഡംബര ബംഗ്ലാവ് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിയും കൂടുതല്‍ സൗജന്യ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചുമാണ് കോണ്‍ഗ്രസും ബിജെപിയും ആം ആദ്മി പാര്‍ട്ടിയെ നേരിട്ടത്. ഇതിന് പുറമെ ബജറ്റിലെ ആദായനികുതി ഇളവ് പ്രഖ്യാപനം ഡല്‍ഹിയിലെ വോട്ടര്‍മാരെ സ്വാധീനിച്ച പ്രതീക്ഷയിലാണ് ബിജെപി. അതേസമയം ദളിത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് മുന്നോട്ട് പോയത്.