ഗാസ ഏറ്റെടുത്ത് പുനർനിർമിക്കാമെന്ന് ട്രംപ്: നിർമാണ വേളയിൽ പാലസ്തീനികൾ മറ്റൊരിടത്ത് മാറി താമസിക്കണം; കയ്യടിച്ച് നെതാന്യാഹു, വിയോജിച്ച് ഹാമസ്

ഗാസ ഏറ്റെടുത്ത് പുനർനിർമിക്കാമെന്ന് ട്രംപ്: നിർമാണ വേളയിൽ പാലസ്തീനികൾ മറ്റൊരിടത്ത് മാറി താമസിക്കണം; കയ്യടിച്ച് നെതാന്യാഹു, വിയോജിച്ച് ഹാമസ്

ഗാസ സിറ്റി: ഗാസ നഗരത്തിൽ നിന്ന് പാലസ്തീൻകാർ എന്നന്നേക്കുമായി ഒഴിഞ്ഞ് പോകണമെന്നും ഗാസ ഏറ്റെടുത്ത് പുനർനിർമിക്കാൻ അമേരിക്ക തയാറാണെന്നും പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ആതിഥേയത്വം വഹിച്ചുകൊണ്ട് ഇരുവരും ചേർന്ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

ഗാസ നിവാസികൾ മാതൃ രാജ്യം ഉപേക്ഷിച്ച് പുതിയ സ്ഥലത്തേക്ക് മാറി താമസിക്കാൻ ട്രംപ് നിർദേശിച്ചു. അമേരിക്ക ഗാസ മുനമ്പ് ഏറ്റെടുക്കാൻ തയാറാണ്. എന്നിട്ട് അത് വൃത്തിയാക്കി പുനർനിർമിക്കും. അവിടെ പൊട്ടാതെ കിടക്കുന്ന ബോംബുകളും കെട്ടിട അവശിഷ്ടങ്ങളും നീക്കം ചെയ്യും. അതിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇങ്ങനെയല്ല സംഭവിക്കുന്നതെങ്കിൽ കാര്യങ്ങൾ പഴയപടി ആവർത്തിക്കപ്പെടുമെന്നും ട്രംപ് പറഞ്ഞു. പാലസ്തീനികൾ ഒരിക്കലും ഗാസയിലേക്ക് മടങ്ങുന്ന ഒരു ലോകത്തെ കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇസ്രയേൽ യുദ്ധം വിജയകരമായി അവസാനിപ്പിക്കുമെന്ന് നെതന്യാഹു പറഞ്ഞു. യുദ്ധ വിജയത്തിൽ യുഎസിൻ്റെ പങ്ക് വലുതാണ്. സമാധാനം പുനസ്ഥാപിക്കും. മികവുറ്റ ഒരു പശ്ചിമേഷ്യയെ കെട്ടിപ്പടുക്കുമെന്ന് നെതന്യാഹു പറഞ്ഞു. ബന്ദി മോചനത്തിന് വഴിയൊരുക്കിയതിനും ബൈഡൻ തടഞ്ഞുവച്ച ആയുധങ്ങൾ ഇസ്രയേലിന് വിട്ട് നൽകിയതിനും നെതന്യാഹു ട്രംപിന് നന്ദി പറഞ്ഞു. പാലസ്തീന് സഹായം നൽകുന്ന യുഎൻ ഏജൻസിക്കുള്ള സഹായം അമേരിക്ക നിർത്തിയതിലും ഇസ്രയേൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.

ചില ജൂത കുടിയേറ്റക്കാർക്കെതിരെ ഏർപ്പെടുത്തിയ അന്യായമായ ഉപരോധങ്ങൾ ട്രംപ് അവസാനിപ്പിച്ചു. വെടിനിർത്തൽ കരാർ ഉണ്ടാക്കാൻ ട്രംപിൻ്റെ ഇടപെടൽ സഹായകരമായെന്നും നെതന്യാഹു വ്യക്തമാക്കി.

അതേ സമയം ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഹമാസ് രം​ഗത്തെത്തി. ട്രംപിന്റെ പരാമര്‍ശങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ അരാജകത്വം സൃഷ്ടിക്കുന്നതിനുള്ള പാചകക്കുറിപ്പ് ആണെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ സാമി അബു സുഹ്രി വിമര്‍ശിച്ചു.

മേഖലയില്‍ കുഴപ്പവും പിരിമുറുക്കവും സൃഷ്ടിക്കുന്നതാണ് ട്രംപിന്റെ വാക്കുകൾ. ഗാസ മുനമ്പിലെ നമ്മുടെ ആളുകള്‍ ഈ പദ്ധതികള്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. അവരുടെ നാട്ടില്‍ നിന്ന് അവരെ പുറത്താക്കുകയില്ലെന്നും സാമി അബു സുഹ്രി പറഞ്ഞു.

ജനങ്ങളെ ഗാസയില്‍ നിന്നും പുറത്താക്കുകയല്ല, പകരം നമ്മുടെ ജനങ്ങള്‍ക്കെതിരായ അധിനിവേശവും ആക്രമണവും അവസാനിപ്പിക്കുക എന്നതാണ് വേണ്ടതെന്നും ഹമാസ് പറയുന്നു. ഗാസക്കാര്‍ അവരുടെ നാട്ടില്‍ വേരൂന്നിയവരാണ്. അവരെ അവരുടെ മാതൃ രാജ്യത്ത് നിന്ന് പിഴുതെറിയാന്‍ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയും സ്വീകരിക്കില്ലെന്നും ഹമാസ് തറപ്പിച്ച് പറ‍ഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.