ന്യൂയോർക്ക്: ഭൂമിക്ക് ഭീഷണിയാകുന്ന '2024 വൈ ആർ 4' എന്ന ഛിന്നഗ്രഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഐക്യരാഷ്ട്ര സഭയും. 2032 ഡിസംബർ 22 ന് ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള നേരിയ സാധ്യതയുണ്ടെന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് ഐക്യരാഷ്ട്ര സഭ നിരീക്ഷണം ആരംഭിച്ചത്.
ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ള ഛിന്ന ഗ്രഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ പ്ലാനിറ്ററി ഡിഫെൻസ് ഓർഗനൈസേഷൻ അറിയിച്ചു. 2032 ഡിസംബർ 22 ന് '2024 വൈ ആർ4 ' എന്ന ഛിന്നഗ്രഹം ഭൂമിയെ സുരക്ഷിതമായി കടന്ന് പോകാനുള്ള സാധ്യത 99 ശതമാനമാണെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി പുറത്തുവിട്ട് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതിനാൽ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത നിലവിൽ 1. 3 ശതമാനം മാത്രമാണ് നിലനിൽക്കുന്നതെന്നും ഗവേഷകർ അറിയിച്ചു.
പരിഭ്രാന്തിപ്പെടേണ്ട ആവശ്യമില്ലെന്ന് റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയിലെ ഡോ. റോബർട്ട് മാസി പ്രതികരിച്ചു. ഇത്തരം ബഹിരാകാശ ഭീഷണികളെ നിരീക്ഷിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും ആവശ്യമായ സാങ്കേതിക വിദ്യകൾ ജ്യോതിശാസ്ത്രജ്ഞർക്ക് നൽകേണ്ടതിൻ്റെ അവബോധത്തെ കുറിച്ചും റോബർട്ട് മാസി വ്യക്തമാക്കി.
2024 ഡിസംബറിലാണ് 'വൈ ആർ 4 ' എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇതിന് ഒരു ന്യൂക്ലീയർ ബോംബിൻ്റെ ശക്തിയുണ്ടായിരിക്കുമെന്നാണ് വിലയിരുത്തൽ. ടൊറീനോ ഇംപാക്ട് ഹസാർഡ് സ്‌കെയിൽ പ്രകാരം പത്തിൽ മൂന്ന് റേറ്റിങാണ് വൈആ ർ4 ഛിന്നഗ്രഹത്തിന് നൽകിയിരിക്കുന്നത്. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ ഛിന്നഗ്രഹം കാഴ്ചയിൽ നിന്ന് മങ്ങാൻ തുടങ്ങും. ഈ സാഹചര്യത്തിൽ 2028 ൽ വീണ്ടും നിരീക്ഷിക്കാൻ കഴിയുന്നത് വരെ ഛിന്നഗ്രഹം യൂറോപ്യൻ സ്പേസ് ഏജൻസിയുടെ അപകട സാധ്യതാ പട്ടികയിൽ തുടരുമെന്നാണ് ഏജൻസി നൽകുന്ന സൂചന.