പുരോഹിതന്‍ എങ്ങനെ രാജാവായി?...

പുരോഹിതന്‍ എങ്ങനെ രാജാവായി?...

പിഒസിയില്‍ പന്ത്രണ്ട് വര്‍ഷങ്ങളോളം പലപ്പോഴായി സീറോ-മലബാര്‍ കുര്‍ബാനയില്‍ സഹകാര്‍മികനായി പങ്കെടുത്തിട്ടുള്ള ഒരു ലത്തീന്‍ സഭാ പുരോഹിതനാണ് ഞാന്‍. അതില്‍ അള്‍ത്താരയ്ക്കും ജനത്തിനും അഭിമുഖമായി പുരോഹിതന്‍ നില്‍ക്കുന്ന വിവിധ അവസരങ്ങള്‍ ഉണ്ട്. ആ ക്രമീകരണങ്ങള്‍ തികച്ചും യുക്തിസഹമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

എന്നാല്‍, 'ജനാഭിമുഖ കുര്‍ബാന' എന്ന ഒരു പ്രയോഗം ഇന്ന് ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ശീശ്മയ്ക്കു തയ്യാറെടുത്തുകൊണ്ടിരിക്കുന്ന എറണാകുളത്തെ വിമത വൈദികര്‍ ഏറെ നാളുകളായി തുടരെ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രയോഗമാണിത്. സ്വന്തം അധികാരം ഏതുവിധേനയും ഊട്ടിയുറപ്പിക്കാനും ജനത്തെ തെറ്റിദ്ധരിപ്പിക്കാനും സഭയെ പിളര്‍ത്താനും കഴിഞ്ഞേക്കാം എന്നതിനപ്പുറം ഒരു കഴമ്പും ഇല്ലാത്തതാണ് ഈ പ്രയോഗം.

ഫ്രാന്‍സിസ് പാപ്പ തന്നെ എല്ലാവരും കേള്‍ക്കെ പറഞ്ഞല്ലോ: ''എതിര്‍പ്പിനുള്ള ചില കാരണങ്ങള്‍ക്ക് കുര്‍ബാനയര്‍പ്പണവുമായോ ആരാധനക്രമവുമായോ യാതൊരു ബന്ധവുമില്ലായെന്ന് എനിക്കറിയാം. അവ ലൗകിക കാരണങ്ങളാണ്. അവ പരിശുദ്ധാത്മാവില്‍ നിന്നു വരുന്നവയല്ല.'

താനാണ് രാജാവ് എന്നു തോന്നുമ്പോഴാണ് ജനത്തെ മുഴുവന്‍ നേരവും തന്റെ തിരുമുഖം കാണിച്ചാലേ തനിക്കു തൃപ്തിയാകൂ എന്ന നിലപാടിലേക്ക് ഒരു പുരോഹിതന്‍ എത്തുന്നത്. ഏകാഗ്രതയും ധ്യാനമനസും നഷ്ടപ്പെട്ടാല്‍, പിന്നെ തന്നിഷ്ടം പിന്തുടരുന്ന, രാജവേഷം കെട്ടുന്നവരായി വൈദികര്‍ മാറും. വിശ്വാസ രഹസ്യങ്ങള്‍ പിന്നെ അര്‍ത്ഥ ശൂന്യതയായി തോന്നും; സത്യവും നീതിയും തികച്ചും വ്യക്തിഗതമാകും; അനുസരണം കീഴടങ്ങലായി കരുതും; തന്ത്രങ്ങളും വ്യാജ പ്രചാരണങ്ങളും ശക്തി പ്രദര്‍ശനങ്ങളും പെരുകും.

കര്‍ദിനാളിനെതിരേയുള്ള വ്യാജരേഖയും അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേയുള്ള കൂക്കുവിളിയും പേപ്പല്‍ ഡെലഗേറ്റ് വ്യാജനാണെന്ന പ്രചാരണവും അദേഹത്തിനെതിരേ നടത്തിയ പ്രതിഷേധവും ആക്രമണവും മാര്‍പ്പാപ്പയുടെ കൂടെയാണ് തങ്ങള്‍ എന്ന അവകാശവാദങ്ങളും നമ്മളാരും മറന്നിട്ടില്ലല്ലോ. ഇപ്പോള്‍ പറയുന്നത്, മാര്‍പ്പാപ്പയ്ക്ക് തെറ്റുപറ്റി എന്നാണ്! 'നിങ്ങളെ ബോധ്യപ്പെടുത്താനായി വര്‍ഷങ്ങളായി മുന്നോട്ടുവച്ച കാരണങ്ങള്‍ ഞാന്‍ ശ്രദ്ധാപൂര്‍വ്വം സമയമെടുത്തു പഠിച്ചു' എന്ന് കൃത്യമായി പ്രസ്താവിച്ചിരിക്കുന്ന പാപ്പയെപ്പറ്റിയാണ് ഇപ്പോഴത്തെ ഈ വ്യാജപ്രചാരണം എന്നോര്‍ക്കുമ്പോള്‍ ചിരി വരുന്നു.

'ജനാഭിമുഖ കുര്‍ബാന' എന്ന പാഴ് വാക്ക്


എല്ലാ സഭകളിലും വചന പ്രഘോഷണം നിശ്ചയമായും ജനാഭിമുഖമാണ്. കാരണം, അത് ദൈവം തന്റെ ജനത്തോട് തിരുവചനത്തിലൂടെ സംസാരിക്കുന്ന അവസരമാണ്. ദൈവജനത്തെ അഭിസംബോധന ചെയ്യുന്ന കുര്‍ബാനയിലെ മറ്റു ഭാഗങ്ങളും അത്തരത്തിലുള്ളവയാണ്. എന്നാല്‍, ദിവ്യബലിയുടെ മറ്റു ഭാഗങ്ങളെല്ലാം അഭിസംബോധന ചെയ്യുന്നത് ദൈവത്തെയാണ്. മാത്രമല്ല, എല്ലാ ബലിയര്‍പ്പണങ്ങളിലും ക്രിസ്തുവാണ് മുഖ്യ ശ്രദ്ധാകേന്ദ്രം. അതിനാല്‍ പരിശുദ്ധ കുര്‍ബാന ഒരിക്കലും പുരോഹിത കേന്ദ്രീകൃതമല്ല, ക്രിസ്തു കേന്ദ്രീകൃതമാണ്.

ബലിയര്‍പ്പണത്തില്‍ പുരോഹിതന്‍ ജനത്തിന്റെ പ്രതിനിധിമാത്രമാണ്. കത്തോലിക്കാസഭയില്‍ വിശ്വാസി സമൂഹം ഒന്നുചേര്‍ന്നാണ് ബലി അര്‍പ്പിക്കുന്നത്. ജനത്തിന്റെ പ്രതിനിധിയായ പുരോഹിതന്‍ ബലിയര്‍പ്പണത്തിന് നേതൃത്വം കൊടുക്കുന്നു എന്നു മാത്രം. അല്‍മായരുടെയും സന്യസ്തരുടെയും പൗരോഹിത്യ ധര്‍മത്തെ അംഗീകരിക്കാന്‍ കഴിയുന്ന വൈദികന് താനാണ് എല്ലാറ്റിന്റെയും കേന്ദ്രം എന്ന ചിന്ത ഒഴിവാക്കാനാകും.

ക്രിസ്തുവിനെ ധ്യാനിച്ചാണ് പുരോഹിതനും ജനവും ബലിയര്‍പ്പിക്കുന്നത്, അല്ലാതെ പുരോഹിതനെ ജനം കണ്ടാസ്വദിച്ചോ ജനത്തെ പുരോഹിതന്‍ നോക്കിക്കണ്ടാസ്വദിച്ചോ അല്ല. ധ്യാനാത്മകതയോടെ ബലിയര്‍പ്പിക്കുന്ന വൈദികര്‍ക്ക് ഒരിക്കലും മുന്നിലെയോ പിന്നിലെയോ ജനം ആ നേരത്ത് മനോവ്യാപാര വിഷയം ആവില്ല.

അവരെ കാഴ്ചവയ്പിലൂടെയും കാറോസൂസയിലൂടെയും കര്‍ത്താവിനു സമര്‍പ്പിക്കുന്നതിനപ്പുറം പുരോഹിതന് എന്താണ് അപ്പോള്‍ ചെയ്യാനുള്ളത്? എന്നാല്‍, ധ്യാനാത്മക മനസ് നഷ്ടപ്പെട്ടാല്‍ പിന്നെ കുര്‍ബാന വെറുമൊരു നാടകമായി അധപതിക്കും. അവിടെ 'ജനാഭിമുഖം' മുഖ്യവിഷയമാകും.

*ലിറ്റര്‍ജി പാഷണ്ഡതകളുടെ പ്രഭവസ്ഥാനം ആകരുത്*


ഒരിക്കല്‍ എന്റെ ക്ലാസ്സ്‌മേറ്റു കൂടിയായ ഒരു ധ്യാനഗുരുവിന്റെ കൂടെ ഒരു വിവാഹാവസരത്തില്‍ സഹകാര്‍മികനായി നിന്നപ്പോള്‍ എനിക്കുണ്ടായ അസ്വസ്ഥത പറഞ്ഞറിയിക്കാന്‍ ആവാത്തതാണ്. കുര്‍ബാന പുസ്തകത്തിലെ പ്രാര്‍ത്ഥനകള്‍ക്കു പകരം, റൂഹാക്ഷണനേരത്തു പോലും, വായില്‍ തോന്നിയത് വിളിച്ചുപറയുന്ന ആ അര്‍പ്പണം തികച്ചും അരോചകമായിരുന്നു.

ലിറ്റര്‍ജിയുടെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ആളെപ്പോലെയാണ് എറണാകുളം രൂപതക്കാരനായ അദേഹം ആ ബലിയര്‍പ്പിച്ചത്. തങ്ങളുടെ വികാരിയച്ചന് 'കുര്‍ബാന ഒരു ഷോ പോലെയും കടത്തുകഴിക്കല്‍ പോലെയും ആണെന്ന്' ഇന്നലെ എന്നോട് ഒരു കുടുംബം മറ്റൊരു അച്ചനെക്കുറിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍മിച്ചത് എന്റെ അനുഭവമായിരുന്നു.

ദിവ്യബലിയര്‍പ്പണം ആര്‍ക്കും തോന്നുന്നതു പോലെ ചെയ്യാനുള്ളതല്ല. പ്രബോധനാധികാരമുള്ള മെത്രാന്മാരുടെ സമിതി അംഗീകരിച്ചിട്ടുള്ള പ്രാര്‍ത്ഥനകളും രീതികളും പൂര്‍ണമായും പിന്തുടരാന്‍ ഏവര്‍ക്കും കടമയുണ്ട്. കാരണം, ആരാധനക്രമം ദൈവശാസ്ത്രം പ്രകാശിപ്പിക്കുന്നു (locus theologicus). വ്യക്തിഗതമായ പ്രാര്‍ത്ഥനകള്‍ ലിറ്റര്‍ജിയില്‍ കൂട്ടിക്കലര്‍ത്തിയാല്‍ പാഷണ്ഡതകള്‍ എന്നറിയപ്പെടുന്ന വിശ്വാസവിരുദ്ധ ആശയങ്ങള്‍ പ്രചരിക്കാന്‍ ഇടയാകും.

സഭയില്‍ അത്തരം അനുഭവങ്ങള്‍ ഏറെ ഉണ്ടായിട്ടുള്ളതിനാലാണ് ആരാധനക്രമ സംബന്ധിയായ ചിട്ടകളും നിഷ്‌കര്‍ഷകളും നിലവിലുള്ളത്. അതിനാല്‍, സീറോ-മലബാര്‍ സഭയില്‍ പ്രബോധനാധികാരമുള്ള മെത്രാന്‍ സിനഡ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ആരാധനക്രമം സമ്പൂര്‍ണമായി പാലിക്കാന്‍ ആ സഭയിലെ വൈദികര്‍, ഏതു രൂപതയില്‍ പെട്ടവരായാലും ബാധ്യസ്ഥരാണ്.

കൂട്ടായ്മയ്ക്കായി വിട്ടുവീഴ്ചകള്‍ അനിവാര്യം

സ്വന്തം സഭയിലെ രണ്ടു തരം ആരാധനക്രമ രീതികള്‍ സഭയുടെ കെട്ടുറപ്പിനെത്തന്നെ ഗുരുതരമായി ബാധിക്കുന്നു എന്ന തിരിച്ചറിവിലാണ് സീറോ-മലബാര്‍ സിനഡ് കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ അന്ത്യവര്‍ഷങ്ങളില്‍ ഏകീകൃത കുര്‍ബാനയ്ക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. രണ്ടു വിഭാഗവും - കല്‍ദായ രീതി ആദ്യന്തം പിന്തുടര്‍ന്നിരുന്ന രൂപതകളും എറണാകുളം രീതി പിന്തുടര്‍ന്നിരുന്ന രൂപതകളും വിട്ടുവീഴ്ച നടത്തണമെന്ന് തീരുമാനമായി.

അങ്ങനെയാണ് 50/50 എന്ന ഫോര്‍മുല ഭൂരിപക്ഷ തീരുമാനത്തോടെ നടപ്പിലായത്. ഇത് എറണാകുളം അതിരൂപതയിലെ വൈദികര്‍ക്കു മാത്രം ഇതുവരെയും സ്വീകാര്യമായിട്ടില്ല. അവിടെയും ചെറുതല്ലാത്ത ഒരു ഗണം വൈദികര്‍ ഔദ്യോഗിക കുര്‍ബാനയര്‍പ്പിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എന്നതാണ് സത്യം.

ബഹളത്തിനോ ആക്രോശത്തിനോ അക്രമത്തിനോ മുതിരാത്ത സാത്വികരാണ് എന്നതിനാല്‍ അവരാരും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നില്ല എന്നു മാത്രം. മറ്റു ചില രൂപതകളിലെ വൈദികരും എറണാകുളം കുര്‍ബാനരീതി ആഗ്രഹിക്കുന്നവരാണെങ്കിലും സഭാ ബോധമുള്ളതിനാലും തിരുപ്പട്ട ദിനത്തില്‍ തങ്ങള്‍ നടത്തിയ വാഗ്ദാനങ്ങള്‍ ഓര്‍മയുള്ളതിനാലും അവര്‍ സഭയുടെ ഏകീകൃതരീതി അംഗീകരിച്ചിരിക്കുകയാണ്.

ലത്തീന്‍ ആരാധന ക്രമത്തിനെതിരേ വ്യാജ പ്രചാരണം


വിശ്വാസി സമൂഹം ക്രിസ്തുവിന്റെ ബലി ഓര്‍മയായി അര്‍പ്പിക്കുന്നത് പിതാവിനാണ്. അതിനാല്‍ത്തന്നെ എല്ലാ ബലിയര്‍പ്പണവും കര്‍ത്തൃ അഭിമുഖമാണ്. ഈയര്‍ത്ഥത്തില്‍, ലത്തീന്‍ അഥവാ റോമന്‍ കത്തോലിക്കാ ആരാധനക്രമം ജനാഭിമുഖമല്ല. മറിച്ചുള്ള അര്‍ത്ഥത്തില്‍ അതിനെ വ്യാഖ്യാനിക്കുന്നത് ലത്തീന്‍ സഭയോടുള്ള അവഹേളനമാണെന്നതാണ് യാഥാര്‍ത്ഥ്യം. കഷ്ടമെന്നു പറയട്ടെ, വിമതര്‍ ഇതുവരെയും ഈ വസ്തുത തിരിച്ചറിഞ്ഞിട്ടില്ല.

മാര്‍പ്പാപ്പ അര്‍പ്പിക്കുന്ന കുര്‍ബാന ക്രമമാണ് തങ്ങള്‍ പിന്തുടരുന്നത് എന്ന അവകാശ വാദമാണ് കുറെ നാളായി ഇവിടെ മുഴങ്ങിക്കൊണ്ടിരുന്നത്. ഇപ്പോഴും ഇത്തരം വാദഗതികളുമായി സോഷ്യല്‍ മീഡിയയില്‍ കയറിയിറങ്ങി നടക്കുന്ന പാവങ്ങളെ കാണാറുണ്ട്. വിമത വൈദികര്‍ കൊടുത്ത കാപ്‌സ്യൂള്‍ വിഴുങ്ങിയതിന്റെ പ്രശ്‌നമാണത്.

ലത്തീന്‍ കുര്‍ബാന ക്രമത്തോട് വിമത വൈദികര്‍ക്ക് അത്ര താല്‍പര്യമാണെങ്കില്‍, അവര്‍ ഇനി ആവശ്യപ്പെടാന്‍ സാധ്യതയുള്ളത് തങ്ങളെ ലത്തീന്‍ രൂപതയാക്കി മാറ്റണം എന്നാണ്. പക്ഷേ, കാനോനികമായുള്ള കടമ്പകള്‍ കടന്നു കിട്ടില്ല എന്നുറപ്പ്. ഇനി കടന്നു കിട്ടിയാലും, ഇവരെ ഉള്‍ക്കൊള്ളുക എന്ന സാഹസത്തിന് ലത്തീന്‍ ഹയരാര്‍ക്കിയും ലത്തീന്‍ വിശ്വാസി സമൂഹവും മുതിരും എന്നു തോന്നുന്നില്ല.

കാരണം, ക്രിസ്തുസ്‌നേഹമോ സഭാസ്‌നേഹമോ അല്ല വെറും ഗോത്രീയതയാണ് ഈ വൈദികരെ നയിക്കുന്നത്. മാധ്യമങ്ങളാണ് അവരുടെ ദൈവങ്ങള്‍! സമരങ്ങളാണ് അവരുടെ പ്രാര്‍ത്ഥനകള്‍! വ്യാജങ്ങളാണ് അവരുടെ പുണ്യങ്ങള്‍!

എറണാകുളത്തെ ദൈവജനത്തോട്...

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും നിങ്ങളുടെ വൈദികര്‍ അനുകരണീയ മാതൃകയായി ഇന്നലെ വരെ ഉയര്‍ത്തിക്കാട്ടിയിരുന്നവനുമായ ഫ്രാന്‍സിസ് പാപ്പ നിങ്ങള്‍ക്ക് ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒരു കത്തയച്ചിരുന്നു. ഈയിടെ വീണ്ടും പരിശുദ്ധ പിതാവ് ഒരു വീഡിയോ പ്രഭാഷണത്തിലൂടെ നിങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. അത് മലയാളത്തില്‍ വത്തിക്കാന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ലോകത്തില്‍ ഏതു വിശ്വാസി സമൂഹത്തിനാണ് ഇത്തരമൊരു ദുര്യോഗം ഉണ്ടായിട്ടുള്ളത്!

അതിലെ ഓരോ ഖണ്ഡികയിലും ശീശ്മയിലേക്കു നീങ്ങുന്ന വൈദികര്‍ക്ക് അദ്ദേഹം താക്കീത് നല്‍കുന്നുണ്ട്: ''പിശാച് നിങ്ങളെ ഒരു വിഘടിത വിഭാഗമായി മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക. എല്ലാ സഹോദരീ സഹോദരന്മാരെയും വിശ്വാസത്തിലും സഭൈക്യത്തിലും ഉറപ്പിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന പത്രോസിന്റെ പിന്‍ഗാമിയുമായും നിങ്ങളുടെ ഇടയന്മാരുമായും നിങ്ങള്‍ സഹകരിക്കാത്തതു കാരണം നിങ്ങളുടെ ചുമതലപ്പെട്ട സഭാധികാരികള്‍ നിങ്ങള്‍ സഭയ്ക്ക് പുറത്തു പോകുന്നത് സാക്ഷ്യപ്പെടുത്തുന്ന നിര്‍ബന്ധിത സാഹചര്യം സൃഷ്ടിക്കാതിരിക്കുക. അങ്ങനെ വന്നാല്‍, ഉചിതമായ സഭാ നടപടികള്‍, അത്യധികം വേദനയോടെ, എടുക്കേണ്ടതായി വരും. അതിലേക്കെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'

ഒപ്പം, പാപ്പ തന്റെ ജനമായ നിങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്: 'സമൂഹത്തിന്റെ മാതൃകകളും കൂട്ടായ്മയുടെ യഥാര്‍ത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലര്‍, പ്രത്യേകിച്ച് വൈദികര്‍, സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിര്‍ക്കാനും വര്‍ഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം. സഹോദരീ സഹോദരന്മാരേ, അവരെ പിന്തുടരരുത്!'

ഇപ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്: നിങ്ങള്‍ പത്രോസിന്റെ പിന്‍ഗാമിയെ പിന്തുടര്‍ന്ന് പരിശുദ്ധ കത്തോലിക്കാ സഭയില്‍ തുടരുമോ അതോ, നിങ്ങളെ വ്യാജങ്ങള്‍കൊണ്ടു വഞ്ചിക്കുന്ന വിമത വൈദികരോടു കൂടെ ശീശ്മയിലേക്കു പോകുമോ?

(കെസിബിസി ബൈബിള്‍ കമ്മിഷന്റെയും കേരള കാതലിക് ബൈബിള്‍ കമ്മിഷന്റെയും സെക്രട്ടറി ആണ് ലേഖകന്‍)


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.