ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ സാധ്യത; ഫീസുകളും പിഴ തുകകളും വര്‍ധിപ്പിച്ചേക്കും: സംസ്ഥാന ബജറ്റ് ഇന്ന്

 ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ സാധ്യത; ഫീസുകളും പിഴ തുകകളും വര്‍ധിപ്പിച്ചേക്കും: സംസ്ഥാന ബജറ്റ് ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് രാവിലെ ഒന്‍പതിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും സഭയില്‍ വയ്ക്കും.

ഈ വര്‍ഷം അവസാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബജറ്റ് ജനപ്രിയമാകുമെന്നാണ് വിലയിരുത്തല്‍. ക്ഷേമ പെന്‍ഷനില്‍ വര്‍ധന പ്രതീക്ഷിക്കുന്നു. നിലവില്‍ 1600 രൂപയാണ് ക്ഷേമ പെന്‍ഷന്‍. 2021 ല്‍ ക്ഷേമ പെന്‍ഷന്‍ 100 രൂപ കൂട്ടിയിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ കുടിശിക, അടുത്ത ശമ്പള കമ്മിഷന്‍ എന്നിവയിലും പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് സിപിഐയുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏകീകൃത പെന്‍ഷന്‍ കൊണ്ടുവരുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. കേന്ദ്രം പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷനില്‍ നിന്ന് പിന്‍മാറുമെന്ന സൂചനയെങ്കിലും ബജറ്റിലുണ്ടായേക്കും.

വിവാദ കിഫ്ബി റോഡ് ടോള്‍ പിരിവ് പ്രഖ്യാപനമുണ്ടാകുമോ എന്ന ആശങ്ക ജനത്തിനുണ്ട്.വയനാട് പുനരധിവാസത്തില്‍ സംസ്ഥാനത്തിന്റെ പദ്ധതി പ്രഖ്യാപിക്കും. വിഴിഞ്ഞം വ്യവസായ ഇടനാഴി പ്രഖ്യാപനവും പ്രതീക്ഷിക്കാം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ സര്‍ക്കാര്‍ വരുമാനം വര്‍ദിപ്പിക്കാനുള്ള നിര്‍ദേശങ്ങളുണ്ടായേക്കും. ഇതിനായി ഫീസുകളും പിഴത്തുകകളും വര്‍ധിപ്പിച്ചേക്കും.

വന്യജീവി പ്രശ്‌ന പരിഹാരത്തിന് കുടുതല്‍ പരിഗണന നല്‍കിയേക്കും. നികുതി വര്‍ധനയ്ക്ക് സാധ്യത കുറവാണ്. എന്നാല്‍ ഭൂമിയുടെ ന്യായവില വര്‍ധിച്ചേക്കും ഒരു വര്‍ഷം കൊണ്ട് തീര്‍ക്കാവുന്ന പദ്ധതികള്‍ പ്രതീക്ഷിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.