ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ബിജെപി അധികാരമുറപ്പിക്കുമ്പോള്‍ കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും പരിഹസിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.
ബിജെപിക്കെതിരെ പോരാടാന്‍ രൂപീകരിച്ച ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചത്.
''കുറച്ചുകൂടി പോരാടൂ, മനസു നിറയെ പോരാടൂ, പരസ്പരം അവസാനിപ്പിക്കൂ'' എന്ന് സമൂഹ മാധ്യമത്തില്‍ ഒമര്‍ അബ്ദുള്ള പങ്കു വെച്ച മീമില്‍ പറയുന്നു. ബിജെപിയെ നേരിടുന്നതില്‍ ഇന്ത്യ സഖ്യത്തിലെ ഭിന്നതയേയും സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയും ഒമര്‍ അബ്ദുള്ള നേരത്തെ വിമര്‍ശിച്ചിരുന്നു.
ഡല്‍ഹിയില്‍ 27 വര്‍ഷത്തിന് ശേഷമാണ് ബിജെപി തിരിച്ച് അധികാരത്തിലെത്തുന്നത്. 70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 43 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ആം ആദ്മി പാര്‍ട്ടി 27 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് ഇപ്പോള്‍ ഒരു സീറ്റിലും ലീഡില്ല.