വാഷിങ്ടണ്‍: ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അടുത്തയാഴ്ച ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയെ നേരിട്ട് കാണുമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നും ട്രംപ് ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അദേഹം വെളിപ്പെടുത്തിയില്ല.
റഷ്യ ഉക്രെയ്നില്‍ നടത്തിയ പൂര്‍ണമായ അധിനിവേശത്തോടെ ആരംഭിച്ച യുദ്ധം ഫെബ്രുവരി 24 ന് മൂന്ന് വര്‍ഷം തികയും. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട യുദ്ധത്തില്‍ ഉക്രെയ്ന്‍കാരാണ് അധികവും മരണമടഞ്ഞത്.
പുടിനുമായി തനിക്ക് ഇപ്പോഴും നല്ല ബന്ധമുണ്ടെന്നും ആളുകള്‍ മരിക്കുന്നത് അവസാനിപ്പിക്കാന്‍ അദേഹം ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എയര്‍ഫോഴ്സ് വണ്ണില്‍ നല്‍കിയ അഭിമുഖത്തില്‍, രണ്ട് നേതാക്കളും എത്ര തവണ സംസാരിച്ചുവെന്ന് ചോദിച്ചപ്പോള്‍ 'അത് പറയാതിരിക്കുന്നതാണ് നല്ലത്' എന്നാണ് ട്രംപ് പറഞ്ഞത്.