ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ വ്യവസായി ഗൗതം അദാനിയെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം. അത്തരം വ്യക്തിപരമായ കാര്യങ്ങള്‍ ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നമ്മുടെ സംസ്‌കാരം 'വസുദൈവ കുടുംബകം' ആണ്. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കണക്കാക്കുന്നു. ഓരോ ഇന്ത്യക്കാരനും എന്റേതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരം വ്യക്തിപരമായ കാര്യങ്ങള്‍ രണ്ട് രാജ്യങ്ങളിലെയും രണ്ട് നേതാക്കള്‍ ചര്‍ച്ച ചെയ്യുകയില്ല'- പ്രധാനമന്ത്രി പറഞ്ഞു.
അമേരിക്കയില്‍ പോലും പ്രധാനമന്ത്രി അദാനിയുടെ അഴിമതി മറച്ചുവച്ചു എന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് ചോദ്യങ്ങള്‍ ചോദിക്കുന്നത് നിശബ്ദതയോടെയാണ് നേരിടുന്നത്. വിദേശത്ത് അത് വ്യക്തിപരമായ കാര്യമായി കണക്കാക്കപ്പെടുന്നു.
സുഹൃത്തിന്റെ പോക്കറ്റുകള്‍ നിറയ്ക്കുന്നത് മോഡിക്ക് 'രാഷ്ട്ര നിര്‍മ്മാണമാകുമ്പോള്‍, കൈക്കൂലിയും രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കലും ഒരു 'വ്യക്തിപരമായ കാര്യമായി' മാറുന്നുവെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.
അദാനിയെക്കുറിച്ചുള്ള ചോദ്യം ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി കോപിതനും പരിഭ്രാന്തനുമാണെന്ന് തോന്നി. ഇന്ത്യയില്‍ പ്രധാനമന്ത്രി 'സ്‌ക്രിപ്റ്റ് ചെയ്ത' അഭിമുഖങ്ങളാണ് നടത്തുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപി സാകേത് ഗോഖലെ ആരോപിച്ചു.