കാസര്‍കോട്: സ്വന്തം കുട്ടികളെ പൊതുവിദ്യാലയത്തില്‍ ചേര്‍ക്കാത്ത സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരുടെ പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഓള്‍ കേരള ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകര്‍ തങ്ങളുടെ കുട്ടികളെ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത് സമൂഹത്തിന് പൊതു വിദ്യാലയങ്ങളിലുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും അദേഹം പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 120 അധ്യാപകരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആറ് മാസത്തിനുള്ളില്‍ നടപ്പാകും. അവധിക്കാലത്ത് മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കുമെന്നും അദേഹം പറഞ്ഞു.