ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കി നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
നിയമനത്തിനെതിരായ ഹര്‍ജികള്‍ നിലനില്‍ക്കെ പുതിയ നിയമനം നടത്തിയത് നീതിവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമെന്ന് പറഞ്ഞ പ്രശാന്ത് ഭൂഷണ്‍ 41-ാമതായി പരിഗണിക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന നിയമ ഭേദഗതി കേസ് ആദ്യ കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഹര്‍ജി നാളെ കേള്‍ക്കുമ്പോള്‍ പുതിയ നിയമനം അടക്കമുള്ള എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച നിയമ ഭേദഗതി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ കൃത്യമായ കാരണമുണ്ടെന്ന് വ്യക്തമാക്കിയ ജഡ്ജി, നാളെ കേസ് കേള്‍ക്കുമ്പോള്‍ വാദമായി ഇക്കാര്യം ഉന്നയിക്കാമെന്നും പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കാനുള്ള സെലക്റ്റ് കമ്മിറ്റിയുടെ ഘടന മാറ്റിയ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളാണ് നാളെ സുപ്രീം കോടതി മുമ്പാകെ വരിക. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കാനുള്ള പ്രധാനമന്ത്രി അധ്യക്ഷനായ സെലക്റ്റ് കമ്മിറ്റിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ മാറ്റി പകരം ആഭ്യന്തര മന്ത്രി അമിത് ഷായെ നിയമിക്കുന്നതിന് വഴിവെച്ച നിയമ ഭേദഗതിയാണ് ഹരജിക്കാര്‍ ചോദ്യം ചെയ്യുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഇന്നലെ തിരക്കിട്ട് മൂന്നംഗ സെലക്റ്റ് കമ്മിറ്റി യോഗം ചേര്‍ന്ന് ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.