ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രേഖ ഗുപ്തയെ ഡല്‍ഹി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ബിജെപി. പര്‍വേഷ് വര്‍മ്മയാണ് ഉപമുഖ്യമന്ത്രി. ഡല്‍ഹി സ്പീക്കറായി വിജേന്ദ്ര ഗുപ്തയെയും തീരുമാനിച്ചു.
നാളെ രാവിലെ 10 ന് രാംലീല മൈതാനത്ത് രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി മെര്‍ലേന എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ. ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്നും 29,595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത തിരഞ്ഞെടുപ്പില്‍ തന്റെ സീറ്റുറപ്പിച്ചത്. നിലവില്‍ മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖ.
നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത്. അതിനാല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, എന്‍ഡിഎ ദേശീയ നേതാക്കള്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
70 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ഡല്‍ഹിയുടെ ഭരണം പിടിച്ചത്.