വീണ്ടും റെക്കോര്‍ഡ് ഇട്ട് സ്വര്‍ണ വില; നാല് ദിവസത്തിനിടെ 1400 രൂപയുടെ വര്‍ധന

വീണ്ടും റെക്കോര്‍ഡ് ഇട്ട് സ്വര്‍ണ വില; നാല് ദിവസത്തിനിടെ 1400 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണ വില. ഇന്ന് 280 രൂപ വര്‍ധിച്ചതോടെയാണ് 11 ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് സ്വര്‍ണ വില മറികടന്നത്. ഇന്ന് 64,560 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 8070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്ന് 64,480 എന്ന റെക്കോര്‍ഡ് മറികടന്നതോടെ ഉടന്‍ തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണ വില മുന്നേറുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ മാസം 11 ന് 64,480 രൂപയായി ഉയര്‍ന്ന സ്വര്‍ണ വില പിന്നീട് 63,120 രൂപയായി താഴ്ന്ന ശേഷമാണ് തിരിച്ച് കയറിയത്. നാല് ദിവസത്തിനിടെ 1400 രൂപയിലധികമാണ് വര്‍ധിച്ചത്.

കഴിഞ്ഞ മാസം 22 നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണ വില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.