ന്യൂഡല്‍ഹി: വിദേശത്ത് ബിരുദ മെഡിക്കല്‍ കോഴ്സുകള്‍ പഠിച്ച് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ വിദ്യാര്‍ഥികള്‍ നീറ്റ് യുജി യോഗ്യത നേടണമെന്ന നിയന്ത്രണം സുപ്രീം കോടതി ശരിവച്ചു.
2018 ല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) അവതരിപ്പിച്ച ഈ നിയമം ഇന്ത്യയില്‍ വൈദ്യശാസ്ത്രം പരിശീലിക്കുന്നതിന് വിദ്യാര്‍ഥികള്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
നീറ്റ് യുജി നിര്‍ബന്ധമാക്കുന്നത് ന്യായവും സുതാര്യവുമായ നടപടിയാണെന്നും അതില്‍ നിയമപരമായ വ്യവസ്ഥകളൊന്നും ലംഘിക്കുന്നില്ല. ഈ നിയന്ത്രണം 1997 ലെ ഗ്രാജുവേറ്റ് മെഡിക്കല്‍ വിദ്യാഭ്യാസ ചട്ടങ്ങളുമായി പൊരുത്തപ്പെടുന്നതും മെഡിക്കല്‍ വിദ്യാഭ്യാസ നിലവാരത്തില്‍ ഏകീകൃതത ഉറപ്പാക്കുന്നതുമാണന്ന് കോടതി പറഞ്ഞു.
1956 ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ടില്‍ ഭേദഗതി വരുത്താതെയാണ് ഈ നിബന്ധന കൊണ്ടുവന്നതെന്ന് നിയമത്തെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികള്‍ വാദിച്ചു. എന്നാല്‍ നിയമത്തിലെ സെക്ഷന്‍ 33 പ്രകാരം ഇത് നടപ്പിലാക്കാന്‍ എംസിഐക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു.
ഭേദഗതി ചെയ്ത ചട്ടങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം വിദേശത്ത് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ഇത് പാലിക്കണമെന്ന് വ്യക്തമാക്കി ഒറ്റത്തവണ ഇളവ് നല്‍കണമെന്ന അപേക്ഷകള്‍ കോടതി നിരസിച്ചു.
വിദേശത്ത് മെഡിസിന്‍ പഠിക്കാനും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനും ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമേ ഈ നിയമം ബാധകമാകൂ. നീറ്റ് ഇല്ലാതെ തന്നെ വിദ്യാര്‍ഥികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ പഠിക്കാനും ജോലി ചെയ്യാനും കഴിയും.