ഇംഫാല്‍: കൊള്ളയടിച്ചതും നിയമവിരുദ്ധവുമായി കൈവശം വച്ചതുമായ ആയുധങ്ങള്‍ ഒരാഴ്ചയ്ക്കകം പൊലീസ് സ്റ്റേഷനിലോ സുരക്ഷാ സേന ക്യാംപുകളിലോ എത്തിക്കണമെന്ന് മണിപ്പൂര്‍ ഗവര്‍ണര്‍ അജയ്കുമാര്‍ ഭല്ല. ആയുധങ്ങള്‍ തിരികെ ഏല്‍പ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും അദേഹം പറഞ്ഞു.
20 മാസത്തിലേറെ നീണ്ട കലാപം മൂലം നിരവധി ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായെന്നും ഇതേ തുടര്‍ന്ന് മണിപ്പൂരില്‍ ഒന്നാകെ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെന്നും അദേഹം പറഞ്ഞു. അനധികൃതമായി ആയുധം കൈവശം വച്ചിരിക്കുന്നവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമീപത്തെ പൊലീസ് സ്റ്റേഷന്‍, ഔട്ട് പോസ്റ്റ്, സുരക്ഷാ ക്യാംപ് എന്നിവിടങ്ങളിലായി തിരികെയേല്‍പ്പിക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.
ഒരാഴ്ച കഴിഞ്ഞും ആയുധം കൈവശം വച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. ആയൂധങ്ങള്‍ തിരികെയേല്‍പ്പിക്കുന്ന ഒറ്റ പ്രവൃത്തി കൊണ്ട് സമാധാനം ഉറപ്പാക്കുന്നതിനുള്ള ശക്തമായ നടപടിയാകും ഇതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.