തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളായ ജീവനക്കാര്‍ വരുമാന നികുതി അടയ്ക്കാതെ നിയമലംഘനം നടത്തുന്നുവെന്ന അടിസ്ഥാനരഹിതമായ പരാതിയില്‍ അന്വേഷണം നടത്തണമെന്ന വിചിത്ര സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിനെതിരെ കെസിബിസി ജാഗ്രതാ കമ്മീഷന്‍ രംഗത്ത്. അന്വേഷണ ഉത്തരവ് പിന്‍വലിച്ച് ക്രൈസ്തവ സമൂഹത്തോട് മാപ്പ് പറയാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
വ്യാജ പരാതി സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറാണ് വിവാദമായിരിക്കുന്നത്. കോഴിക്കോട് കാരന്തൂര്‍ സ്വദേശി കെ. അബ്ദുള്‍ കലാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തികച്ചും നിരുത്തരാപാദിത്വപരമായ സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയത്. പരാതിയില്‍ പറഞ്ഞിട്ടുള്ള വരുമാന നികുതി വിഷയം കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണെന്ന പ്രാഥമിക അറിവ് പോലും ഇല്ലാതെയാണ് സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്.
ഒരു പ്രത്യേക മതവിഭാഗത്തിലെ ആളുകളെ മാത്രം ലക്ഷ്യമിട്ട് ഒരു വ്യക്തി പരാതി നല്‍കിയപ്പോള്‍ ആ പരാതിയില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന പ്രാഥമിക പരിശോധന പോലും നടത്താതെയാണ് പൊതുവിദ്യാഭ്യാസ വിജിലന്‍സ് വിഭാഗം ഇത്തരത്തിലൊരു സര്‍ക്കുലര്‍ തയാറാക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അയച്ചിട്ടുള്ളത്.
പരാതിയില്‍ കെസിബിസി ജാഗ്രത കമ്മീഷന്‍ പുറത്തവിട്ട പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങള്‍:
ക്രൈസ്തവ മാനേജ്മെന്റുകളുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ ഒരു പരാതിയും കൗതുകകരമായ ഒരു അന്വേഷണ ഉത്തരവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ക്രൈസ്തവ വിശ്വാസികളായ അധ്യാപകര്‍ സര്‍ക്കാരിന് അടയ്ക്കേണ്ട നികുതി അടയ്ക്കാതെ മുങ്ങി നടക്കുകയാണ്, ഇതിനകം സര്‍ക്കാരിന് നഷ്ടപ്പെട്ടത് പതിനായിരം കോടിയില്‍പ്പരം രൂപയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങളോടെ ആയിരുന്നു പരാതി. ഇത് തിരിച്ചുപിടിക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം എന്ന ആവശ്യവുമായി കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ കലാം എന്ന വ്യക്തിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. കിട്ടിയ പരാതിയെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാതെ ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുകയും യുദ്ധകാലാടിസ്ഥാനത്തില്‍ ഉപവിദ്യാഭ്യാസ ഡയക്ടര്‍മാര്‍ വഴി എല്ലാ ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും അറിയിപ്പ് നല്‍കുകയും ചെയ്തു.
മുനമ്പം വഖഫ് വിഷയത്തില്‍ വഖഫ് നിയമവും അതിനുവേണ്ടി വാദിക്കുന്നവരും പ്രതിരോധത്തിലായ പശ്ചാത്തലത്തില്‍ കഴിഞ്ഞ നവംബര്‍ 18, 19, 20 തിയതികളിലായി ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിന്റെ ചുവട് പിടിച്ചാണ് പരാതി ഉത്ഭവിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. നവംബര്‍ 23 നാണ് അബ്ദുള്‍ കലാം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി അയച്ചിരിക്കുന്നത്.
'വഖഫും സഭയും കോടതിവിധികളും' എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത ലേഖനത്തിന്റെ അവസാന ഭാഗത്ത് സമീപകാലത്തുണ്ടായ ടിഡിഎസ് സംബന്ധിച്ച സുപ്രീം കോടതി വിധിയെ പരാമര്‍ശിച്ചുകൊണ്ട് വിചിത്രമായ ചില വാദഗതികള്‍ രചയിതാവ് ഉന്നയിക്കുന്നുണ്ട്. മനസിലാക്കിയെടുക്കാന്‍ എളുപ്പമല്ലാത്ത കണക്കുകളും കെട്ടുകഥകളും നിരത്തിക്കൊണ്ടാണ് ലേഖന കര്‍ത്താവ് ആയിരക്കണക്കിന് കോടി രൂപ നികുതിവെട്ടിപ്പ് കത്തോലിക്കാ സഭ നടത്തിയിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
ടിഡിഎസ് കേസ് സംബന്ധിച്ച് അത് ഒരു വിഭാഗം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സന്യസ്തരായ അധ്യാപകരുടെ മാത്രം വിഷയമായിരുന്നെങ്കില്‍, ലേഖനത്തില്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള മുഴുവന്‍ എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നികുതി വെട്ടിപ്പ് എന്ന അര്‍ത്ഥത്തിലേയ്ക്ക് മാറ്റി.
അബ്ദുള്‍ കലാമിന്റെ പരാതിയിലേയ്ക്ക് വന്നാല്‍, കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആശുപത്രികളിലെയും മുഴുവന്‍ ക്രൈസ്തവ ജീവനക്കാരും നികുതി വെട്ടിപ്പ് നടത്തുന്നു എന്ന രീതിയിലാണ് ആക്ഷേപം. നികുതി സംബന്ധമായ വിഷയങ്ങളെക്കുറിച്ച് പരാതി നല്‍കുകയോ അതില്‍ അന്വേഷണം നടത്തുകയോ ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ അതിനായി സ്ഥാപിതമായിട്ടുള്ള വകുപ്പുകളും ഉദ്യോഗസ്ഥരുമാണ് എന്നിരിക്കെ, പരാതി ലഭിച്ചിരിക്കുന്നതും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പാണ് എന്നത് വിചിത്രമായ മറ്റൊരു വസ്തുതയാണ്.
സന്യസ്തര്‍ക്ക് ലഭിച്ചിരുന്ന നികുതി ഇളവ്
വാസ്തവത്തില്‍ ഈ വിഷയത്തിന് ആധാരം സന്യസ്തരായ എയ്ഡഡ് സ്‌കൂള്‍ കോളജ് അധ്യാപകരില്‍ ഒരു വിഭാഗത്തിന് ലഭിച്ചിരുന്ന നികുതി ഇളവാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) 1944, 1977 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറുകളിലെ നിര്‍ദേശങ്ങള്‍ പ്രകാരമാണ് അടുത്തകാലം വരെയും കത്തോലിക്കാ സഭയുടെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്ന സന്യസ്തര്‍ക്ക് ടിഡിഎസ് ഇളവ് ലഭിച്ചിരുന്നത്. ഏറെക്കുറെ രണ്ടായിരത്തോളം പേര്‍ക്ക് സമീപകാലം വരെ ഇത്തരത്തില്‍ ആനുകൂല്യം ലഭിച്ചിരുന്നു.
അത്തരത്തിലുള്ള നികുതി ഇളവ് കത്തോലിക്കാ സഭയിലെ ഒരു വിഭാഗം സന്യസ്തര്‍ക്ക് ലഭിച്ചിരുന്നതിന് ചില കാരണങ്ങളുണ്ട്. ഒന്നാമത്തേത് സ്വന്തമായി സ്വത്ത് സമ്പാദിക്കാത്ത, ലഭിക്കുന്ന പണം ചാരിറ്റി, സാമൂഹികമായ ആവശ്യങ്ങള്‍ എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്ന സന്യാസി, സന്യാസിനികളാണ് അവര്‍. രണ്ടാമതായി വളരെ വലിയ സാമൂഹിക പ്രവര്‍ത്തനങ്ങളാണ് അവര്‍ അംഗങ്ങളായിരുന്ന സന്യാസ സമൂഹങ്ങളും വിശിഷ്യാ കത്തോലിക്കാ സഭയും ചെയ്ത് പോരുന്നത് എന്നതിനാലുള്ള പ്രത്യേക പരിഗണന.
ഇത്തരത്തില്‍ ലഭിച്ചിരുന്ന ആനുകൂല്യം പരിശോധിച്ചാല്‍ രണ്ടായിരം പേര്‍ക്കാണ് നികുതി ഇളവ് ലഭിച്ചിരുന്നതെങ്കില്‍, ഇപ്പോഴത്തെ കണക്കനുസരിച്ച് ഏറെക്കുറെ മാസത്തില്‍ കേരളത്തില്‍ എല്ലാവര്‍ക്കുമായി ലഭിച്ചിരുന്ന ഇളവ് രണ്ട് കോടി രൂപയും, വര്‍ഷത്തില്‍ അത് 24 കോടിയുമാണ്. സന്യാസ സമൂഹങ്ങളുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കും അതത് സ്‌കൂളുകളുടെ തന്നെ പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരിച്ചിരുന്ന (സന്യസ്തര്‍ക്ക് ലഭിക്കുന്ന ശമ്പളം വ്യക്തിപരമായി ഉപയോഗിക്കുന്നതല്ല) ആ ആനുകൂല്യം തികച്ചും നിയമപരമായി ലഭിച്ചിരുന്നതുമാണ്. എന്നാല്‍ 2014 ല്‍ ഈ നികുതി ഇളവ് നിര്‍ത്തലാക്കിക്കൊണ്ട് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിറക്കുകയും ഇളവ് പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ 2015 മാര്‍ച്ച് ഒമ്പതിന് ഈ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. അതേ കാലയളവില്‍ തന്നെ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും സമാനമായ ഒരു വിധി വന്നിരുന്നു.
കേരള ഹൈക്കോടതിയിലെ ആദ്യ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ചും 2021 ജൂലൈ 13 ന് അപ്പീല്‍ തള്ളുകയും ടാക്‌സ് അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അതേ നാളുകളില്‍ തമിഴ്‌നാട്ടിലെ സന്യാസ സമൂഹങ്ങള്‍ സുപ്രീം കോടതിയില്‍ നല്‍കിയ കേസില്‍ കേരളത്തില്‍ നിന്നുള്ള സന്യാസ സമൂഹങ്ങള്‍ ഉള്‍പ്പെടെ കക്ഷി ചേരുകയുയുണ്ടായി. 2024 നവംബര്‍ ഏഴിന് ആ കേസിന്റെ വിധി പ്രസ്താവിച്ച മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസ് ജെ.ബി പാര്‍ഡിവാല, ജസ്റ്റിസ് മനോജ് മിത്ര എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് ആ ഹര്‍ജികള്‍ കൂടുതല്‍ വാദം കേള്‍ക്കാതെ തള്ളുകയാണ് ഉണ്ടായത്.
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിച്ച ദിവസമാണ് ബെഞ്ച് പ്രസ്തുത ഹര്‍ജികള്‍ പരിഗണനയ്ക്ക് എടുത്തത്. ആ പശ്ചാത്തത്തില്‍ ഒരു റിവ്യൂ ഹര്‍ജി കൂടി സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി നല്‍കിയിട്ടുണ്ട്. എങ്കിലും ആ വിധിയെ തുടര്‍ന്ന് അതുവരെ നികുതിയിളവ് ലഭിച്ചിരുന്ന കേരളത്തിലെ സന്യസ്തരായ എയ്ഡഡ് അധ്യാപകര്‍ ടിഡിഎസ് അടച്ചുകൊണ്ടിരിക്കുന്നു.
പൊട്ടിമുളച്ച വിവാദങ്ങള്‍
മാധ്യമം ദിനപത്രത്തില്‍ വന്ന ലേഖനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അബ്ദുള്‍ കലാം എന്ന വ്യക്തി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത് എന്നത് വ്യക്തമാണെങ്കിലും ആ ലേഖനത്തിന്റെ ഉള്ളടക്കം പോലും അദേഹം വ്യക്തമായി മനസിലാക്കിയിരുന്നില്ല എന്നതാണ് വാസ്തവം. ലേഖനമെഴുതിയ വ്യക്തിയാണെങ്കില്‍ എവിടെ നിന്നൊക്കെയോ ലഭിച്ച എന്തൊക്കെയോ അറിവുകളുടെ വെളിച്ചത്തില്‍ പ്രതികാര ബുദ്ധിയോടെ ഇല്ലാക്കണക്കുകളും കള്ളക്കഥകളുമാണ് പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.
തികച്ചും വാസ്തവവിരുദ്ധമായ ഒരു ലേഖനത്തിന്റെയും അതിനേക്കാള്‍ തരംതാഴ്ന്ന വ്യാജ പരാതിയുടെയും പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇപ്രകാരം തരംതാഴ്ന്ന ഒരു അന്വേഷണ ഉത്തരവുണ്ടായത് തികച്ചും അപലപനീയമാണ്. അബ്ദുള്‍ കലാം നല്‍കിയ പരാതി തികച്ചും അവാസ്തവവും ഒരു സമുദായത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നതുമാണ്. വീണ്ടുവിചാരമില്ലാതെ അത് ഏറ്റെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടിയും ക്രൈസ്തവ സമൂഹത്തിന് അപമാനകരമാണ് എന്ന് പറയാതെ വയ്യ. ഉടനടി അന്വേഷണ ഉത്തരവ് പിന്‍വലിച്ച് ക്രൈസ്തവ സമൂഹത്തോട് മാപ്പ് പറയാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം.