കൊച്ചി: നൂറ്റാണ്ടുകളായി വിദ്യാഭ്യാസ, ആരോഗ്യ, ആതുര ശുശ്രൂഷാ രംഗത്ത് നിസ്തുല സംഭാവനകള്‍ നല്‍കുന്ന ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ വിലപ്പോകില്ലെന്നും സാമൂഹ്യ വിരുദ്ധരുടെ വെല്ലുവിളികളെ യാതൊരു കാരണവശാലും അനുവദിച്ചു കൊടുക്കില്ലെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍.
ഉന്നതനിലവാരം പുലര്‍ത്തുന്നതും വിശിഷ്ഠ സേവനങ്ങള്‍ പങ്കുവയ്ക്കുന്നതുമായ ക്രൈസ്തവ സ്ഥാപനങ്ങളിലേയ്ക്ക് നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന തീവ്രവാദ ശക്തികളെയും നിരോധിത സംഘടനകളുടെ മറു രൂപങ്ങളെയും ക്രൈസ്തവ സമൂഹം തിരിച്ചറിയുന്നുണ്ട്. ഇന്ത്യയുടെ വിദ്യാഭ്യാസ, ആരോഗ്യ, ആതുര ശുശ്രൂഷാ രംഗത്ത് ക്രൈസ്തവ സേവനങ്ങള്‍ക്ക് പകരം വെയ്ക്കാന്‍ മറ്റൊരു സംവിധാനവും നിലവിലില്ലെന്നുള്ളത് പരമാര്‍ത്ഥമാണ്.
ബാഹ്യശക്തികളുടെ അജണ്ടകള്‍ക്കെതിരെ കൂടുതല്‍ ഒരുമയോടെ സഹകരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിലനില്‍പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഭാവിയില്‍ സൃഷ്ടിക്കപ്പെടുമെന്ന് ക്രൈസ്തവരും തിരിച്ചറിയണം. ക്രൈസ്തവ സേവനങ്ങളുടെയും ശുശ്രൂഷകളുടെയും ഗുണഫലങ്ങള്‍ അനുഭവിക്കുന്നത് ക്രൈസ്തവ സമുദായം മാത്രമല്ല പൊതു സമൂഹമൊന്നാകെയാണ്.
വിദ്യാഭ്യാസ മേഖലയിലും ആതുര ശുശ്രൂഷാ രംഗത്തും രാജ്യത്തുടനീളം ക്രൈസ്തവ സമുദായത്തിനുള്ള നിര്‍ണായക പങ്കാളിത്തം ഒരു ദിവസം കൊണ്ട് നേടിയെടുത്തതല്ല. ആയിരക്കണക്കിന് നിസ്വാര്‍ത്ഥ സേവകരായ മിഷനറിമാരുടെ ത്യാഗവും സമര്‍പ്പണവും കഷ്ടപ്പാടും നഷ്ടപ്പെടലും ജീവിതവും ജീവനും ഇതിന്റെ പിന്നിലുണ്ട്.
അതിനാല്‍ തന്നെ ഈ മഹത്തായ സംവിധാനങ്ങള്‍ സ്വതന്ത്ര ഭാരതത്തില്‍ എന്തു വിലകൊടുത്തും ത്യാഗം സഹിച്ചും നിലനിര്‍ത്താനും ക്രൈസ്തവര്‍ക്കറിയാം. അനാവശ്യ സമരങ്ങളും വിവാദങ്ങളും സൃഷ്ടിച്ച് നാടിന്റെ സാമൂഹ്യ ക്രമത്തെയും ജനജീവിതത്തെയും വെല്ലുവിളിക്കുന്നവര്‍ക്കെതിരെ ജനമനസാക്ഷി ഉയരണമെന്നും ഇവര്‍ക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിയമപരവും ശക്തവുമായ നിലപാടുകളെടുക്കണമെന്നും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.