തൊടുപുഴ : കഴിഞ്ഞ ദിവസം അന്തരിച്ച എഴുത്തുകാരനും യുഎഇയിലെ കലാസാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന ബിജു ജോസഫ് കുന്നുംപുറത്തിന്റെ സംസ്കാരം ഞായറാഴ്ച(23). വൈകിട്ട് മൂന്ന് മണിക്ക് വീട്ടിൽ നിന്ന് ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് പിറവം ചെറുപുഷ്പ ദേവാലയത്തിൽ മൃതദേഹം സംസ്കരിക്കും.
ഈ മാസം ആറിന് മസ്തിഷ്ഘാതത്തെ തുടർന്ന് അജ്മാനിലെ ഷെയ്ക്ക് ഖലീഫ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലായിരുന്നു. പത്ത് ദിവസങ്ങളിലായി വെന്റിലേറ്ററിൽ തുടർന്ന ബിജു ജോസഫിന്റെ മസ്തിഷ്ക മരണം പിന്നീട് ഡോക്ടർമാർ സ്ഥിരീകരിച്ചു. മരണ ശേഷം തന്റെ അവയവം ദാനം ചെയ്യണമെന്ന ബിജുവിന്റെ ആഗ്രഹവും കുടുംബം പൂർത്തീകരിച്ചിരുന്നു.
ഷാർജ സെന്റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിലെ വിവിധങ്ങളായ ആത്മീയ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ബിജു. എംബിഎ ബിരുദധാരിയും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള ബിജു ജോസഫ് ജീസസ് യൂത്ത്, പാലാ പ്രവാസി അപ്പസ്തൊലേറ്റ്, പാലാ സെന്റ് തോമസ് - അൽഫോൻസാ കോളേജ് അലുമിന (സ്റ്റാക്ക്), എന്നിവയിലെ സജീവ പ്രവർത്തകനായിരുന്നു.
പരേതനായ കുന്നുംപുറം പാപ്പനാണ് പിതാവ്. മാതാവ്: അന്നക്കുട്ടി. ഭാര്യ: വിജി ജോസഫ്. മക്കൾ: ആഷിൻ ബിജു (കാനഡയിൽ വിദ്യാർത്ഥി ) അനേന ബിജു. സഹോദരങ്ങൾ: ജേക്കബ്, ജോയി.