കോഴിക്കോട്: മഹാത്മ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് വിവാദത്തിലായ എന്‍.ഐ.ടി മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അധ്യാപിക പ്രഫ. ഷൈജ ആണ്ടവന് ഡീന്‍ പദവി.
പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് വകുപ്പിന്റെ ഡീന്‍ പദവിയിലേക്ക് ഷൈജ ആണ്ടവനെ ഉയര്‍ത്തിയുള്ള ഉത്തരവ് തിങ്കളാഴ്ചയാണ് ഇറങ്ങിയത്.
ഏപ്രില്‍ ഏഴ് മുതലാണ് പുതിയ പദവി. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലെ ഡോ. പ്രിയ ചന്ദ്രന്റെ ഡീന്‍ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് ഷൈജ ആണ്ടവന് നിയമനം നല്‍കിയത്.
ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഷൈജ നിലവില്‍ ജാമ്യത്തിലാണ്. 'ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട്' എന്നായിരുന്നു അവര്‍ 2024 ല്‍ കമന്റിട്ടത്.
'ഹിന്ദു മഹാസഭ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്‌സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്ന കുറിപ്പോടെ അഡ്വ. കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍ നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്‌സെ ചിത്രത്തിന് താഴെയായിരുന്നു ഇവരുടെ കമന്റ്.
പ്രതിഷേധം ശക്തമായതോടെ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തു. പിന്നീട് കുന്ദമംഗലം കോടതിയില്‍ ഹാജരായി ജാമ്യത്തിലിറങ്ങുകയായിരുന്നു.