തിരുവനന്തപുരം: കടല്‍ മണല്‍ ഖനനത്തിനെതിരായ സംസ്ഥാന വ്യാപക തീരദേശ ഹര്‍ത്താല്‍ തുടരുന്നു. പ്രധാന ഹാര്‍ബറുകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഹര്‍ത്താലിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധന തുറമുഖങ്ങളും മത്സ്യച്ചന്തകളും അടക്കം സ്തംഭിപ്പിച്ചാണ് വന്‍ പ്രതിഷേധം നടക്കുന്നത്.
കേരള സ്റ്റേറ്റ് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത തീരദേശ ഹര്‍ത്താല്‍ 26 ന് രാത്രി 12 മുതല്‍ 27 ന് രാത്രി 12 വരെയാണ്. ഈ ദിവസം സംസ്ഥാന വ്യാപകമായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകില്ലെന്ന് സമരസമിതി അറിയിച്ചു. ഹര്‍ത്താലിന് ലത്തീന്‍ സഭ അടക്കമുള്ള സാമുദായിക സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്.
മത്സ്യബന്ധനരംഗത്തെ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, സീ ഫുഡ് ഏജന്റ്‌സ് അസോസിയേഷന്‍, ലേലത്തൊഴിലാളി സൊസൈറ്റി തുടങ്ങിയ അനുബന്ധമേഖലയിലെയും തൊഴിലാളികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കയറ്റുമതിസ്ഥാപനങ്ങളടക്കം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
പരിസ്ഥിതി പ്രത്യാഘാത പഠനമോ പബ്ലിക് ഹിയറിങോ നടത്താതെ കേരള കടലില്‍ മണല്‍ ഖനനം നടത്താനുള്ള കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ചാണ് തീരദേശ ഹര്‍ത്താലും പണിമുടക്കും നടത്തുന്നത്. മാര്‍ച്ച് 12 ന് മത്സ്യത്തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.