മുന്‍ എംഎല്‍എ പി. രാജു അന്തരിച്ചു

 മുന്‍ എംഎല്‍എ പി. രാജു അന്തരിച്ചു

കൊച്ചി: സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. രണ്ടു തവണ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.

അര്‍ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി രോഗം അതീവ ഗുരുതരമായതോടെ അദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.

1991 ലും 1996 ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും, ജനയുഗം കൊച്ചി യൂണിറ്റ് മാനേജരും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കരിമണല്‍ ഖനന വിഷയത്തില്‍ പി. രാജു പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലെഴുതിയ ലേഖനം ഈ അടുത്ത കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. പാര്‍ട്ടിയുടെ പ്രഖ്യാപന നിലപാടിന് വിരുദ്ധമായ കാഴ്ചപ്പാടാണ് ലേഖനത്തിലുള്ളതെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇതിന് പിന്നാലെ അദേഹത്തെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തിയിരുന്നു. പിന്നാലെ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താനെന്ന് പി രാജു മാധ്യമങ്ങളോട് പറഞ്ഞതും ഏറെ ചര്‍ച്ചയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.