മാര്‍ച്ച് പത്തിനാരംഭിക്കുന്ന ബജറ്റ് സമ്മേളത്തിന്റെ രണ്ടാം ഘട്ടത്തില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നിര്‍ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തി പുതുക്കിയ ബില്ലിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. മാര്‍ച്ച് പത്തിനാരംഭിക്കുന്ന ബജറ്റ് സമ്മേളത്തിന്റെ രണ്ടാം ഘട്ടത്തില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.
വഖഫ് ബോര്‍ഡില്‍ മുസ്ലീം ഇതര മതങ്ങളില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തുന്നതും നിയമത്തിന്റെ പേര് മാറ്റുന്നതും അടക്കമുള്ള ബിജെപി അംഗങ്ങളുടെ 14 ഭേദഗതികള്‍ ചേര്‍ത്തുള്ളതാണ് പുതുക്കിയ ബില്‍.
പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു ബില്‍ ജെപിസിയില്‍ അംഗീകരിച്ചത്. കോണ്‍ഗ്രസ്, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, എ.എ.പി, ശിവസേന-യു.ബി.ടി, മജ്ലിസ് പാര്‍ട്ടി അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ തള്ളിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പുതിയ ബില്ലില്‍, വഖഫ് നിയമം എന്നത് 'ഉമീദ്' (യൂണിഫൈഡ് വഖഫ് മാനേജ്‌മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി, ആന്‍ഡ് ഡെവലപ്‌മെന്റ് ആക്ട്) എന്നാക്കി. നിയമപരമായി അവകാശമുള്ളയാള്‍ക്ക് മാത്രമേ വഖഫിന് സ്വത്ത് കൈമാറാനാവൂ എന്നും അതിന് കുറഞ്ഞത് അഞ്ച് വര്‍ഷം പ്രകടിതമായി ഇസ്ലാം മതം ആചരിക്കണമെന്നുമുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി.
വഖഫ് സംബന്ധിച്ച ട്രിബ്യൂണല്‍ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാമെന്ന പ്രധാന വകുപ്പ് ഉള്‍പ്പെടുത്തി. വഖഫ് സ്വത്താണോ സര്‍ക്കാര്‍ സ്വത്താണോ എന്ന് തീരുമാനിക്കാന്‍ വഖഫ് കമ്മിഷണര്‍ക്ക് അധികാരം നല്‍കിയത്, സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നാക്കി മാറ്റി.
സംസ്ഥാന സര്‍ക്കാര്‍ വഖഫ് പട്ടിക വിജ്ഞാപനം ചെയ്താല്‍ 90 ദിവസത്തിനകം വഖഫ് പോര്‍ട്ടലിലും ഡേറ്റാ ബേസിലും അപ്ലോഡ് ചെയ്യണം. തര്‍ക്കമുള്ള കേസുകളില്‍ വഖഫ് സ്വത്തുക്കള്‍ വിജ്ഞാപനം ചെയ്ത് രണ്ട് വര്‍ഷം കഴിഞ്ഞാലും കൃത്യമായ തെളിവുണ്ടെങ്കില്‍ കേസിന് പോകാം.
സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാരായി യോഗ്യരായ ആരേയും നിയമിക്കാം. നിലവില്‍ വഖഫ് രജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്വത്തുക്കള്‍ വഖഫ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പത്ര പരസ്യം നല്‍കണം തുടങ്ങിയ നിബന്ധനകളും ഉള്‍പ്പെടുത്തിയാണ് പുതിയ ബില്‍ പാര്‍ലമെന്റില്‍ എത്തുന്നത്.