തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാരുടെ സമരം 18 ദിവസമായി തുടരുന്നതിനിടയില്‍ ജനുവരിയിലെ ഓണറേറിയം കുടിശിക സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ മൂന്ന് മാസത്തെ കുടിശികയും കൊടുത്തു തീര്‍ത്തു. മൂന്ന് മാസത്തെ ഇന്‍സെന്റീവ് കുടിശികയും അനുവദിച്ചിട്ടുണ്ട്.
ആശാ വര്‍ക്കര്‍മാരുടെ സമരത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നു എന്ന വിമര്‍ശനം നിലനില്‍ക്കേയാണ് കുടിശിക കൊടുത്തു തീര്‍ക്കാന്‍ നടപടിയായത്.
ആശമാര്‍ ഉന്നയിക്കുന്ന ആറ് ആവശ്യങ്ങളില്‍ ഒന്നാണ് ഓണറേറിയം കുടിശിക. 7000 രൂപയില്‍ നിന്ന് 21,000 രൂപയായി ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ പെന്‍ഷന്‍ അനുവദിക്കുക മുതലായ പ്രധാന ആവശ്യങ്ങളില്‍ ഇനിയും സര്‍ക്കാര്‍ തലത്തില്‍ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം തണുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓണറേറിയം കുടിശിക അനുവദിച്ചിരിക്കുന്നതെന്നും മറ്റ് ആവശ്യങ്ങള്‍ കൂടി അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നുമുള്ള നിലപാടിലാണ് ആശാ വര്‍ക്കര്‍മാര്‍.
കുടിശിക തന്ന് തീര്‍ക്കേണ്ട ബാധ്യത സര്‍ക്കാരിന്റേതാണ്. അതില്‍ സര്‍ക്കാര്‍ വീമ്പ് പറയേണ്ടതില്ല. 232 രൂപയാണ് ഒരു ദിവസം കൂലിയായി ലഭിക്കുന്നത്. ഓണറേറിയം വര്‍ധിപ്പിക്കുക എന്നതാണ് പ്രധാന ആവശ്യം.
'ഫണ്ടില്ല, സര്‍ക്കാര്‍ കടത്തിലാണ് എന്ന് പറഞ്ഞിട്ട് പി.എസ്.സിക്കാര്‍ക്ക് ലക്ഷങ്ങള്‍ വാരിക്കോരി കൊടുക്കാന്‍ ഫണ്ട് എവിടെ നിന്നാണ് വന്നത്. സമരം നിര്‍ത്തില്ല. സിഐടിയുവിനെ ഉപയോഗിച്ച് സമരം തകര്‍ക്കാനുള്ള ശ്രമം വിജയിക്കില്ല'- ആശാ വര്‍ക്കര്‍മാര്‍ പറഞ്ഞു.